ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
മാവേലിക്കര: അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ അപകടത്തില്‍ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെടുത്തത്. രാത്രി വൈകിയും അഗ്‌നിരക്ഷാസേനയും സ്‌കൂബാ സംഘവും പോലീസും നാട്ടുകാരും തിരച്ചില്‍ തുടര്‍ന്നിരുന്നു.
കൊല്ലകടവ്-പൈനുംമൂട് റോഡില്‍ കല്ലിമേല്‍ ഭാഗത്തായിരുന്നു നിയന്ത്രണംവിട്ട ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണു ദുരന്തം. കരയംവട്ടത്ത് ക്ഷേത്രദര്‍ശനത്തിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. കനത്ത മഴയുണ്ടായിരുന്നു. ഓട്ടോ നിയന്ത്രണംവിട്ട് റോഡിനോടുചേര്‍ന്നുള്ള ആറ്റില്‍ മറിയുകയായിരുന്നു. ഓട്ടോ റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച ശബ്ദംകേട്ട് ഓടിയെത്തിയവര്‍ യാത്രക്കാര്‍ മുങ്ങിത്താഴുന്നതാണു കണ്ടത്. കയറിട്ടുകൊടുത്ത് ഓട്ടോറിക്ഷ ഡ്രൈവർ വെൺമണി പ്ലാവുനിൽക്കുന്നതിൽ ലെബനോയിൽ സജു (45)വിനെ രക്ഷപ്പെടുത്തി. ആറ്റിലേക്കുചാടി ആതിരയുടെ ഭർത്താവ് ഷൈലേഷിനെയും മകളെയും കരയ്‌ക്കെത്തിച്ചു.
ഇന്നലെ വൈകിട്ട് 5.45നു കുന്നം ചാക്കോ റോഡിൽ കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു കല്ലിമേൽ ഭാഗത്തായിരുന്നു അപകടം. കരയംവട്ടത്തു നിന്നു വെൺമണിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. സംഭവം നടക്കുമ്പോൾ പ്രദേശത്തു മഴയുണ്ടായിരുന്നു. നാട്ടുകാരാണ് ആറ്റിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്. ഷൈലേഷ്, കീർത്തന, സജു എന്നിവരെ കരയ്ക്കെത്തിച്ച ശേഷമാണ് ആതിരയും കാശിനാഥും ഓട്ടോറിക്ഷയിൽ ഉണ്ടെന്ന് അറിഞ്ഞത്. തുടർന്നു നടത്തിയ തിരച്ചിലിൽ ആതിരയെ കണ്ടെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.