ആ ചിരി ദുഷ്ടനായ ദുർമന്ത്രവാദിയുടേതോ...? നിഗൂഢം; നോട്ടത്തിൽപോലും ഞെട്ടിച്ച് മമ്മൂട്ടി
വിവിധ കാരണങ്ങളാൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന, വലിയ പ്രതീക്ഷ സമ്മാനിക്കുന്ന, ഒരു സിനിമയാണ്, ചിത്രീകരണം പുരോഗമിക്കുന്ന ‘ഭ്രമയുഗം’. അതിൽ പ്രധാനം ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വില്ലനോ അതോ നായകനോ എന്ന ചോദ്യമാണ്. മറ്റൊന്ന്, വില്ലനായാലും നായകനായാലും ആ കഥാപാത്രം ഒരു ദുർമന്ത്രവാദിയാണെന്ന അഭ്യൂഹങ്ങളാണ്.
ഇവ രണ്ടും ശരിയെങ്കിൽ, ‘ഭൂതകാലം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ഭയത്തിന്റെ വേറിട്ട അനുഭവങ്ങൾ പകർന്ന രാഹുൽ സദാശിവന്റെ രണ്ടാം ചിത്രമായ ‘ഭ്രമയുഗം’ മലയാളത്തിലെ ഏറ്റവും കൗതുകമുള്ള ഒരു റിലീസായാകും തിയറ്ററുകളിലെത്തുക. ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സ്പെഷ്യൽ പോസ്റ്റർ ഇതിനോടകം ചർച്ചയാണ്. കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും, ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമായി കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. ഈ ലുക്ക് മുൻപ് പറഞ്ഞ ‘ദുഷ്ടനായ ദുർമന്ത്രവാദി’ എന്ന വിശേഷണത്തിനു യോജിക്കുന്നതായതിനാൽ, മമ്മൂട്ടി നായകനോ അതോ വില്ലനോ എന്ന ചോദ്യം വീണ്ടും സജീവമാകുന്നു.
മുൻപ് മമ്മൂട്ടി ഒരു ദുർമന്ത്രവാദിയുടെ റോളിൽ എത്തിയത് ഡെന്നിസ് ജോസഫ് ഒരുക്കിയ ‘അഥർവം’ എന്ന ചിത്രത്തിലാണ്. ഷിബു ചക്രവർത്തി എഴുതിയ ചിത്രത്തിൽ, മന്ത്രവാദിയായ അനന്തപത്മനാഭന്‍ എന്ന കഥാപാത്രമായിരുന്നു മമ്മൂക്കയ്ക്ക്. സിൽക്ക് സ്മിതയാണ് നായികതുല്യമായ വേഷത്തിൽ എത്തിയത്. 1989 ജൂൺ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ ചാരുഹാസൻ, ജയഭാരതി, പാർവതി തുടങ്ങി വൻതാരനിരയുമുണ്ടായിരുന്നു. ഇളയരാജ – ഒ.എൻ.വി കുറുപ്പ് ടീമിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം ശ്രദ്ധിക്കപ്പെട്ടു. മമ്മൂക്കയുടെ ലുക്കും പതിവില്ലാത്ത ക്യാരക്ടർ സിലക്ഷനും അക്കാലത്ത് ഏറെ ചർച്ചയായിരുന്നു.
പിന്നീട് ഇത്രകാലത്തിനിടെ മമ്മൂട്ടി ഒരു മന്ത്രവാദിയുടെ വേഷത്തിൽ അഭിനയിച്ചിട്ടില്ല. അതിനാൽ, ‘ഭ്രമയുഗം’ അത്തരമൊരു സാധ്യതയാണ് ഉപയോഗിക്കുന്നതെങ്കിൽ ആരാധകർ ആവേശത്തിലാകുമെന്നതിൽ തർക്കമില്ല. ഒരുനോട്ടം കൊണ്ടുപോലും ഭയപ്പെടുത്തുകയാണ് ‘മമ്മൂട്ടി’. അഭിനയജീവിതത്തിലെ തന്റെ പുതിയ അവതാരപ്പിറവിയാണ് തന്റെ പിറന്നാൾ ദിനത്തിൽ മെഗാ സ്റ്റാർ പുറത്തുവിട്ടിരിക്കുന്നത്. ‘ഭ്രമയുഗം’ എന്ന സിനിമയിലെ വേറിട്ട ലുക്കിലുള്ള പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.