70 ലക്ഷത്തിന്റെ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ
കാഞ്ഞങ്ങാട്: വ്യാജ ആധാരങ്ങൾ പണയപ്പെടുത്തി 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ. കെ.എസ്.എഫ്.ഇ മാലക്കല്ല് ശാഖ മാനേജർ ദിവ്യയുടെ പരാതിയിൽ രാജപുരം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ ചിത്താരിയിലെ യൂത്ത് കോൺഗ്രസ് നേതാവ് പി. ഇസ്മയിൽ ചിത്താരിയെയാണ് ഹോസ് ദുർഗ് കോടതി റിമാൻഡ് ചെയ്തത്.
കെ.എസ്.എഫ്.ഇ മാലക്കല്ല് ശാഖയിലെ വിവിധ ചിട്ടികളിൽ നിന്നായി 70 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. ഇസ്മയിലടക്കം എട്ടുപേർ കേസിൽ പ്രതികളാണ്. മേയ് മാസത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇസ്മയിൽ ചിത്താരിയടക്കം ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
കോടതി ജാമ്യം നിഷേധിച്ച് പൊലീസിൽ ഹാജരാകാൻ നിർദേശിച്ചതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നടന്ന പരിശോധനയിലാണ് ഈടുവെച്ച ആധാരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. കേസിൽ മറ്റ് പ്രതികൾ അടുത്ത ദിവസങ്ങളിൽ കീഴടങ്ങുമെന്നാണ് സൂചന.