കോഴിക്കോട് വീണ്ടും മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ
കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. പെരുവയൽ പഞ്ചായത്തിലെ വെള്ളിപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാലിന്യ പ്ലാന്റിനാണ് പുലർച്ചെ രണ്ട് മണിയോട് കൂടി തീപിടിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി
മാലിന്യ പ്ലാന്റിന് സമീപം താമസിക്കുന്നവരാണ് തീ ആദ്യം കാണുന്നത്. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് യൂണിറ്റോളം ഫയർ ഫോഴ്‌സ് എത്തിയാണ് തീ മുഴുവനായി അണച്ചത്. കറന്റ് കണക്ഷൻ ഇല്ലാത്ത മാലിന്യ പ്ലാന്റിൽ തീ പിടിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഹരിതകർമ്മ സേന അംഗങ്ങൾ രംഗത്തെത്തി.
കോഴിക്കോട് ഭട്ട് റോഡിലുള്ള കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ജില്ലയിലെ തന്നെ പെരുവയൽ പഞ്ചായത്തിലെ മാലിന്യ പ്ലാന്റിലും സമാന സംഭവം ആവർത്തിക്കുന്നത്. കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തിയതിന്റെ കാരണം കണ്ടെത്താൻ അധികൃതർക്ക് ഇത് വരെ സാധിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ അടക്കം രംഗത്ത് വന്നിരുന്നു. ജില്ലയിലെ മാലിന്യ പ്ലാന്റുകൾ ആധുനിക രീതികളിൽ പ്രവർത്തിപ്പിക്കണം എന്ന ആവശ്യം ഉയരുമ്പോഴാണ് മാലിന്യ പ്ലാന്റുകളിലെ തീപ്പിടുത്തം തുടർക്കഥയാവുന്നത്.