ഹരിതകര്‍മ സേനാംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശം; മുഖ്യമന്ത്രിക്ക് പരാതി

ഹരിതകര്‍മ സേനാംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശം; മുഖ്യമന്ത്രിക്ക് പരാതി

October 13, 2023 0 By Editor

മാവേലിക്കര:  തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരേ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്. കുന്നം മലയില്‍ സലില്‍ വിലാസില്‍ സാം തോമസ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണിയുയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പോർട്ടലില്‍ ഹരിത കർമ സേനാംഗങ്ങൾ പരാതി നൽകി.

സേനാംഗങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇയാളുടെ വീടിനു പുറത്ത് മതിലരികില്‍ സുരക്ഷിതമായി ചാക്കിലാക്കി വച്ചശേഷം മറ്റിടങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോയി. ഇവര്‍ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജംക്‌ഷനിൽ കൊണ്ടു പോയി റോഡരികില്‍ ഉപേക്ഷിച്ചു. ശേഖരിച്ചുവച്ച മാലിന്യം എടുക്കാന്‍, ഉച്ചക്കുശേഷം എത്തിയ സ്ത്രീകള്‍ സാമിനോടു പ്ലാസ്റ്റിക് എവിടെയെന്നു ചോദിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്നു പറയുന്നു.

കയ്യേറ്റത്തിനു മുതിര്‍ന്നപ്പോള്‍ പിന്തിരിഞ്ഞ് ഓടിയതു കൊണ്ടാണു ദേഹോപദ്രവത്തില്‍നിന്നു രക്ഷപ്പെട്ടതെന്നു പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയശേഷം സാമിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം ഉണ്ട്. അതിക്രമത്തില്‍ ഹരിതകര്‍മ സേന മാവേലിക്കര ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.