കാലവര്‍ഷം പിന്‍മാറി; 72 മണിക്കൂറിനകം തുലാവര്‍ഷമെത്തും

കാലവര്‍ഷം പിന്‍മാറി; 72 മണിക്കൂറിനകം തുലാവര്‍ഷമെത്തും

October 19, 2023 0 By Editor

തിരുവനന്തപുരം:  കാലവര്‍ഷം രാജ്യത്ത് നിന്ന് വ്യാഴാഴ്ചയോടെ പൂര്‍ണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ സാധ്യതയും നിലനില്‍ക്കുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബര്‍ 21 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അതിനുശേഷം ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.