കണ്ണൂരില്‍ ഗാനമേളയ്ക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തു; തടയാന്‍ പോയ മേയറെ കയ്യേറ്റം ചെയ്ത് യുവാവ്
കണ്ണൂര്‍: ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. സ്റ്റേജില്‍ കയറി ഒരാള്‍ ൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അലവില്‍ സ്വദേശി ജബ്ബാറിനെ അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയില്‍ വേദിയില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയര്‍ക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്.
ഗാനമേള നടക്കുന്നതിനിടെ ഇയാള്‍ വേദിയില്‍ കയറി നൃത്തം ചെയ്തു. ഇയാള്‍ തങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയര്‍ ഇടപെട്ടത്. ഇയാളെ വേദിയില്‍ നിന്ന് മാറ്റാന്‍ വളണ്ടറിയമാര്‍ക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയര്‍മാര്‍ക്കും പരിക്കേറ്റു.
പിന്നീട് കണ്ണൂര്‍ ടൗണ്‍ പോലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തില്‍ വിട്ടു.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ പോലീസ് വിട്ടയച്ചുവെന്നും പിന്നീട് പ്രതി വീണ്ടും വേദിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും മദ്യലഹരിയിലായിരുന്ന ഇയാളെ യാതൊരു പരിശോധനക്കും വിധേയമാക്കിയില്ലെന്നും മേയര്‍ ടി.ഒ മോഹനന്‍ ആരോപിച്ചു. മേയറെയും കൗണ്‍സിലര്‍മാരെയും കയ്യേറ്റം ചെയ്ത പ്രതിയെ മിനിറ്റുകള്‍ക്കുളളില്‍ വിട്ടയച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.