കളമശേരി സ്ഫോടനം:ഡൊമിനിക്കിനു മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്: ഫോൺ ഫൊറൻസിക് പരിശോധനക്ക്
കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നു പരിശോധിക്കും. ഏതാനും വർഷത്തെ വാട്സാപ് ചാറ്റുകൾ, സമൂഹ മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക് അപ് പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം പൊലീസിനു ലഭിച്ചിട്ടില്ല. പ്രതിയുടെ സ്വഭാവ സവിശേഷതകളാണു കേസിനെ സങ്കീർണമാക്കുന്നത്. ഡൊമിനിക്കിനു മാനസിക, ശാരീരിക പ്രശ്നങ്ങളില്ലെന്നാണു മെഡിക്കൽ റിപ്പോർട്ട്. പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അവലോകനം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. വീണ്ടും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾക്കു കൂടി സൗകര്യം ഏർപ്പെടുത്തിയുള്ള ചോദ്യംചെയ്യൽ രീതിയാകും പരീക്ഷിക്കുക.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള അപേക്ഷ ഇന്നലെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചില്ല. ഇതിന് ഒരു ദിവസം കൂടി വേണ്ടിവരുമെന്നാണു വിവരം. സാക്ഷികളെയടക്കം തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയ ശേഷമാകും കോടതിയെ സമീപിക്കുക.
ഇന്നലെ രാവിലെ പ്രത്യേക അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, അന്വേഷണ സംഘത്തലവൻ സിറ്റി ഡിസിപി എസ്.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
സ്ഫോടനക്കേസിൽ പഴുതുകളെല്ലാം അടച്ചുള്ള സമഗ്രമായ അന്വേഷണമാണു നടക്കുന്നതെന്ന് എ.അക്ബർ പറഞ്ഞു. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചതായും ഇതേപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു.