പാലക്കാട് തൃത്താലയിലേത് ഇരട്ടക്കൊല; ഒരു മൃതദേഹം കൂടി കണ്ടെത്തി; ദുരൂഹതയേറുന്നു

പാലക്കാട് തൃത്താലയിലേത് ഇരട്ടക്കൊല; ഒരു മൃതദേഹം കൂടി കണ്ടെത്തി; ദുരൂഹതയേറുന്നു

November 4, 2023 0 By Editor

പാലക്കാട്: തൃത്താല കണ്ണനൂരില്‍ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതകം. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അന്‍സാറിന്റെ (25) സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തി. അന്‍സാറിനെ കൊന്നതിന് സമാനമായി കബീറിനെയും കഴുത്തുമുറിച്ച് കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സുഹൃത്ത് മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാരക്കാട് സ്വദേശി തേനോത്ത്പറമ്പില്‍ കബീറിനായി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കരിമ്പനക്കടവിനുസമീപം ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട അന്‍സാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. മൂന്നുപേരുംകൂടി വ്യാഴാഴ്ച കാറില്‍ മീന്‍പിടിക്കാന്‍ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങള്‍ നടന്നെന്നാണ് കരുതുന്നത്.

എന്നാൽ, കൊലയിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ കരിമ്പനക്കടവില്‍ കഴുത്തില്‍ വെട്ടേറ്റനിലയില്‍ അന്‍സാര്‍ വാഹനങ്ങള്‍ക്ക് കൈകാണിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പരിസരത്ത് രക്തപ്പാടുകള്‍ കണ്ടതും പൊലീസിനെ അറിയിച്ചതും. സുഹൃത്താണ് കുത്തിയതെന്ന് അന്‍സാര്‍ മൊഴിനല്‍കിയതായി പിന്നീട് പുറത്തുവന്നു. ഒപ്പമുണ്ടായിരുന്ന കബീറിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറുകയാണ്.

കസ്റ്റഡിയിലെടുത്ത മുസ്തഫയെ ചോദ്യംചെയ്തുവരികയാണെന്നാണ് പോലീസ് പറയുന്നത്. കരിമ്പനക്കടവിനുസമീപം കല്യാണപ്പടിയില്‍ പാടശേഖരത്തിനു സമീപത്തുകൂടെ പുഴയിലേക്ക് ഒരുവഴിയുണ്ട്. പരിസരത്ത് വീടുകള്‍ കുറവായതിനാല്‍ ഈ വഴിയിലൂടെ പുഴയിലേക്കു പോകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഈ വഴിക്കു മുന്നിലായി ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി മരിച്ച അന്‍സാറിന്റെ കഴുത്തില്‍ ഏഴുസെന്റീമീറ്ററോളം നീളത്തിലാണ് വെട്ടേറ്റിരിക്കുന്നത്. ഒന്നരയിഞ്ച് ആഴത്തിലുള്ളതാണു മുറിവ്. ഈ മുറിവുതന്നെയാണു മരണകാരണവും. മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ചുള്ള ഒറ്റവെട്ടാണുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുറിവേറ്റ അന്‍സാര്‍ പുഴയില്‍നിന്ന് പാടവരമ്പിലൂടെ 200 മീറ്ററോളം ഓടിയാണ് റോഡിലേക്കെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവശനായി. അധികംവൈകാതെ മരിച്ചു.

മുസ്തഫയുടെ മൊഴിയിലെ വൈരുധ്യമാണു പോലീസിനെ കുഴക്കുന്നത്. കബീറാണ് അന്‍സാറിനെ കുത്തിയതെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍, കബീറിന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരൂഹത കൂടി.