പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

November 7, 2023 0 By Editor

തൃശൂർ കുന്നംകുളത്ത് മൂന്നര വയസ്സുകാരൻ മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. പല്ലുവേദനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ച മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. എന്നാൽ കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നറിയിച്ച് യൂത്ത് കോൺഗ്രസ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ ആരോൺ മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന ആരോപണവുമായാണ് കുടുംബം രംഗത്ത് വന്നത്. പല്ലുവേദനയുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി. 12.20 ഓടെ കുട്ടി മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് വരെ കുട്ടി ആരോഗ്യവാനായിരുന്നുവെന്നും ചികിത്സ പിഴവ് മൂലമാണ് മരണമെന്നും കുടുംബം ആരോപിച്ചു

ആശുപത്രി അധികൃതരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പതിനൊന്നരയോടെ  കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ലെന്നും മരണപ്പെടുന്നതിന്റെ മുമ്പ് ചികിത്സ കഴിഞ്ഞിരുന്നെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഹൃദയഘാതം മൂലമാണ് മരണമുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 8.15 ഓടെ ശസ്ത്രക്രിയ പൂർത്തിയായി. 10.30 വരെ കുട്ടി നിരീക്ഷണ മുറിയിലായിരുന്നു. പിന്നാലെ കുട്ടിക്ക് ഓക്സിജൻ അളവിൽ കുറവ് വന്നെന്നും ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അധികൃതർ വിശദീകരിച്ചു.

ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് അറിയിച്ച് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി