നടന്നു പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; യുവതിക്കും കുഞ്ഞിനും ദാരുണമരണം

ബംഗളൂരു: നടപ്പാതയിൽ പൊട്ടിവീണുകിടന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിനും ദാരുണമരണം. എകെജി കോളനി സ്വദേശിനി സൗന്ദര്യ (23), മകൾ സുവിക്ഷ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച…

ബംഗളൂരു: നടപ്പാതയിൽ പൊട്ടിവീണുകിടന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിനും ദാരുണമരണം. എകെജി കോളനി സ്വദേശിനി സൗന്ദര്യ (23), മകൾ സുവിക്ഷ എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്ച രാവിലെ ആറോടെ വൈറ്റ്ഫീൽഡിലെ ഹോപ് ഫാം ജങ്ഷനിലായിരുന്നു അപകടം. സൗന്ദര്യ കുഞ്ഞിനെയുമെടുത്ത് അമ്മയുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. ഇതിനിടെയാണ് നടപ്പാതയിലെ വൈദ്യുതലൈനിൽ അറിയാതെ ചവിട്ടിയത്. ഷോക്കേറ്റ് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാഡുഗോടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഇവരുടെ ട്രോളിബാഗും മറ്റുവസ്തുക്കളും ചിതറിക്കിടപ്പുണ്ടായിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളിൽ ഫൈബർ ഒപ്റ്റിക് കേബിളുകൾ വീണുകിടപ്പുണ്ടായിരുന്നു. വൈദ്യുതി ലൈൻ വീണ് കിടക്കുന്നത് കണ്ടിട്ടും ഇത്തരം കേബിളായിരിക്കുമെന്ന് കരുതിയാകാം യുവതി ചവിട്ടിയതെന്നു പോലീസ് പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയാണ് സൗന്ദര്യ. ഭർത്താവ് നെയ്വേലിയിൽ സ്വകാര്യകമ്പനിയിൽ ജീവനക്കാരനാണ്. സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതിവിതരണ കമ്പനിയായ ബെസ്‌കോമിന്റെ മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതായി വൈറ്റ്ഫീൽഡ് ഡിസിപി ഡോ ശിവകുമാർ ഗുണരെ പറഞ്ഞു. ബെസ്‌കോം ഉദ്യോഗസ്ഥരുടെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ വൈദ്യുതിവകുപ്പിലെ അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, ലൈൻമാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. മരിച്ച യുവതിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഉത്തരവാദികളായവർക്കെതിരേ കടുത്തനടപടിയെടുക്കുമെന്നും വൈദ്യുതിവകുപ്പ് മന്ത്രി കെജെ ജോർജ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story