‘പത്മകുമാറിന് വലിയ കടബാധ്യത’: 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് കടം വീട്ടാൻ പണം കണ്ടെത്താൻ?, അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20)…

കൊല്ലം: ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. 10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍വച്ചു ചോദ്യംചെയ്തത്. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. രാവിലെ തിരികെ എത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ പുനരാരംഭിക്കും.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചതു ഭീഷണിക്കത്താണെന്നു പ്രതികൾ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പത്മകുമാർ മൊഴികൾ അടിക്കടി മാറ്റുന്നതായാണു വിവരം. ആറുവയസ്സുകാരിയുടെ അച്ഛനു പണം നൽകിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെൺകുട്ടിയുടെ പിതാവിൽനിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.

പത്മകുമാറിനു വലിയ കടബാധ്യതയുള്ളതായാണു വിവരം. ലോൺ ആപ്പുകളിൽനിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാർഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വ്യക്തത കിട്ടേണ്ടതുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story