കരതൊടാന്‍ ഒരുങ്ങി മിഗ്​ജോം; ആന്ധ്ര തീരത്തേക്ക്; പ്രളയത്തില്‍ മുങ്ങി ചെന്നൈ- കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകൾ റദ്ദാക്കി

കരതൊടാന്‍ ഒരുങ്ങി മിഗ്​ജോം; ആന്ധ്ര തീരത്തേക്ക്; പ്രളയത്തില്‍ മുങ്ങി ചെന്നൈ- കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകൾ റദ്ദാക്കി

December 5, 2023 0 By Editor

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മിഗ്ജോം, ആന്ധ്ര തീരത്തോട് അടുക്കുന്നു. ഇന്നലെ തമിഴ്നാട് തീരത്തിന് സമാന്തരമായി ചുഴലിക്കാറ്റ് കടന്നു പോയതോടെ ചെന്നൈ നഗരത്തിൽ വൻ പ്രളയമാണ് ഉണ്ടായത്. 47 വർഷത്തിനിടെ ഉണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. റൺവേയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം ഇന്നലെ രാവിലെ മുതൽ അടച്ചിരിക്കുകയാണ്. റെയിൽ, റോഡ് ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ഇന്നലെ രാവിലെ തകരാറിലായ വൈദ്യുത ബന്ധം ഇതുവരെ പുനസ്ഥാപിക്കാൻ ആയിട്ടില്ല.

ചെന്നൈയിൽ മഴക്കെടുതിയിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. 9,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രാത്രിയിൽ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും നഗരത്തിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. ചെമ്പരമ്പാക്കം അടക്കമുള്ള 6 പ്രധാന ഡാമുകൾ തുറന്നു വിട്ടിരിക്കുന്നതിനാലാണ് നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങാത്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഏഴു മന്ത്രിമാരെയും, ഏകോപനത്തിന് 9 മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ മഴ അനുഭവപ്പെടുന്നു. 8 ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. രാവിലെയോടെ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് കര തൊടുമെന്നാണ് നിഗമനം.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്.

  • കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യൽ ട്രെയിൻ
  • നാളത്തെ രപ്തിസാ​ഗർ എക്സ്പ്രസ് (കൊച്ചുവേളി-​ഗോരഖ്പൂർ)
  • ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
  • നാളത്തെ ​ഗുരുദേവ് എക്സ്പ്രസ് (ഷാലിമാർ-നാ​ഗർകോവിൽ)
  • ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (ബുധൻ, വ്യാഴം)
  • ശബരി എക്സ്പ്രസ് ( സെക്കന്തരാബാദ്-തിരുവനന്തപുരം)
  • തിരുവനന്തപുരത്ത് നിന്നുള്ള ശബരി എക്സ്പ്രസ് ഇന്നും നാളെയും മറ്റന്നാളും ഉണ്ടാകില്ല.
  • എറണാകുളം-ടാറ്റ ന​ഗർ ബൈ വീക്കിലി എക്സ്പ്രസ്
  • എറണാകുളം- ബിൽസാപൂർ വീക്കിലി എക്സ്പ്രസ്