മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും: നടപടി ചോദ്യത്തിന് കോഴ കേസിൽ

മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും: നടപടി ചോദ്യത്തിന് കോഴ കേസിൽ

December 13, 2023 0 By Editor

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ഉടൻ നോട്ടീസ് നൽകും.

ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്ന് മഹുവ മൊയ്‌ത്ര അറിയിച്ചു.

അതേസമയം, പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹ‍ര്‍ജി സമ‍ർപ്പിച്ചു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പരാതിയുമാണ് മഹുവ കോടതിയിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മഹുവയെ പുറത്താക്കിയത്. മഹുവക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുന്‍ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ് മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാന്‍ നിയമങ്ങള്‍ നിലവില്ലാല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.

ഇക്കാര്യങ്ങള്‍ പറയാന്‍ എത്തിക്സ് കമ്മിറ്റ് അവസരം നല്‍കിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമപോരാട്ടത്തിന് ഇറങ്ങുക. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പുറത്തായ 11 എംപിമാരും സുപ്രീകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് കോഴ വാങ്ങിയതിന്‍റെ ദൃശ്യങ്ങളടക്കം പുറത്ത് വരികയും പിന്നീട് കോടതി പാര്‍ലമെന്‍റ് നടപടി ശരിവയ്ക്കുകയുമായിരുന്നു.

ഇവിടെ മഹുവക്കെതിരായി അത്തരം തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യവസായ ഗ്രൂപ്പിന് പാര്‍ലമെന്‍റ് ലോഗിന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയതും ഉപഹാരങ്ങള്‍ കൈപ്പറ്റിയതും അധാര്‍മ്മികവുമെന്നാണ് സര്‍ക്കാരിന്‍റെ വാദം. അതുകൊണ്ട് തന്നെ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.