റിയാസ് പേടിപ്പിക്കാൻ നോക്കേണ്ട, അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ ആളല്ല ഞാൻ: വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ ആളല്ല താനെന്നും മുരളീധരൻ പരിഹസിച്ചു. കായംകുളത്തു നവകേരള സദസ്സിൽ പങ്കെടുക്കവേ മുരളീധരനെതിരെ റിയാസ് വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ മറുപടി. സാമ്പത്തിക വിഷയങ്ങളിൽ ഉൾപ്പടെ കേന്ദ്രമന്ത്രി നിരന്തരം അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റിയാസിന്റെ വിമർശനം.

‘‘മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനം കേരളത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്.’’ – വി.മുരളീധരൻ പറഞ്ഞു.

‘‘കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. സിപിഎമ്മിനെ ഇല്ലാതാക്കാനാണു ശ്രമം. സിപിഎമ്മിനു മേലുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും പിന്തുണ ഇല്ലാതാക്കാനും തുടർന്നും ശ്രമിക്കും. കമ്മ്യൂണിസം ലോകം മുഴുവൻ നാശമേ ഉണ്ടാക്കിയിട്ടുള്ളു. ലോകം മുഴുവൻ കമ്മ്യൂണിസം വലിച്ചെറിഞ്ഞു.

‘‘കേരളത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി നിലകൊള്ളും. അതുകൊണ്ടാണു കെ റെയിലിന്റെ പേരിൽ ജനങ്ങളെ ഇറക്കിവിട്ടപ്പോൾ അതിനെതിരെ ശബ്ദിച്ചത്. കേരളത്തിലെ ജനങ്ങളെ കേന്ദ്രസർക്കാർ ഞെരുക്കി കൊല്ലുന്നു എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചപ്പോൾ വസ്തുത മുന്നിൽവച്ചത്. വിയോജിക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഇല്ലാതാക്കിയും ഉന്മൂലം നടത്തുക എന്ന സിപിഎമ്മിന്റെ നിലപാട് എത്രയോ കാലമായി തുടരുകയാണ്. 23–ാത്തെ വയസിൽ സിപിഎം കള്ളക്കേസിൽ കുടുക്കി എന്നെ രണ്ടു മാസം ജയിലിലിട്ട കാലം തൊട്ട് അനുഭവമുണ്ട്.’’– മുരളീധരൻ വിശദീകരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story