ജെസ്ന ഒരു മരീചികയൊന്നുമല്ല, കയ്യെത്തും ദൂരത്ത് എത്തിയെന്ന് കരുതിയ സമയമുണ്ട്; സിബിഐ കണ്ടെത്തും: തച്ചങ്കരി

ജെസ്ന തിരോധാന കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി. ക്ലോഷർ റിപ്പോർട്ട് ഒരു സാങ്കേതിക നടപടിയാണെന്നും എന്നെങ്കിലും കേസിൽ…

ജെസ്ന തിരോധാന കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി. ക്ലോഷർ റിപ്പോർട്ട് ഒരു സാങ്കേതിക നടപടിയാണെന്നും എന്നെങ്കിലും കേസിൽ ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ പറ്റുമെന്നും തച്ചങ്കരി പറഞ്ഞു. ജെസ്ന ഒരു മരീചികയൊന്നുമല്ലെന്നും ജെസ്നയെ സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി വിശദീകരിച്ചു.

‘‘കയ്യെത്തും ദൂരത്തു ജെസ്ന എത്തിയെന്നു കരുതിയിരുന്ന സമയമുണ്ട്. അപ്പോഴാണ് കോവിഡ് വന്നത്. തമിഴ്നാട്ടിലേക്കാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. ആ സമയത്താണു കുടുംബം കോടതിയിൽ പോവുകയും കേസ് സിബിഐക്ക് കൊടുക്കുകയും ചെയ്തത്. ജെസ്ന ഒരു മരീചികയൊന്നുമല്ല. പ്രപഞ്ചത്തിൽ എവിടെ അവർ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. ഈ രാജ്യത്തെ ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ. ക്ലോഷർ റിപ്പോർട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ്. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ പറ്റും’’–തച്ചങ്കരി പറഞ്ഞു.

‘‘ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വർഷം കഴിഞ്ഞാണു യഥാർഥ ചിത്രം കിട്ടിയത്. നിരാശരാകേണ്ട കാര്യമില്ല. സിബിഐയിൽ പൂർണ വിശ്വാസമുണ്ട്. ഏതെങ്കിലും ഒരു കേസ് തെളിയാതെ വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തലുകൾ വരാറുണ്ട്. ആരും മനപ്പൂർവം കുറ്റങ്ങൾ ചെയ്തിട്ടില്ല. നൂറുകണക്കിന് കേസുകൾ ലോക്കൽ പൊലീസിന് അന്വേഷിക്കാനുണ്ട്. അന്ന് കേസ് വലിയ വെല്ലുവിളിയായിരുന്നില്ല. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല. മനപ്പൂർവമായ തെറ്റ് ലോക്കൽ പൊലീസോ ക്രൈംബ്രാഞ്ചോ സിബിഐ നടത്തിയിട്ടില്ല’’–തച്ചങ്കരി വിശദീകരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story