ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും പ്രദർശനമേളക്കും തുടക്കമായി

ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും പ്രദർശനമേളക്കും തുടക്കമായി

January 9, 2024 0 By Editor

ജിദ്ദ: ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും പ്രദർശനമേളക്കും തുടക്കമായി. ജിദ്ദ സൂപ്പർ ഡോമിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിശ്​അൽ ഉദ്ഘാടനം ചെയ്​തു. തീർഥാടന സേവന പദ്ധതിയുമായി സഹകരിച്ച്​ ഹജ്ജ്​, ഉംറ മന്ത്രാലയമാണ്​ ജനുവരി എട്ട്​ മുതൽ 11 വരെ മേള സംഘടിപ്പിച്ചിരിക്കുന്നത്​. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അതിഥികളെ സ്വാഗതം ചെയ്​തു. വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ്​ അൽഖുറൈജി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ്​ എൻജി. അബ്​ദുൽ അസീസ്​ അൽദുവൈലജി, പൊതുസുരക്ഷ മേധാവി ജനറൽ മുഹമ്മദ്​ അൽബസാമി, മക്ക മേയർ മുസാഇദ്​ അൽദാവുദ്​ എന്നിവർ ഉദ്ഘാടന സെഷനിൽ പ​​ങ്കെടുത്തു.

തീർഥാടകർക്ക്​ താമസസൗകര്യമൊരുക്കുന്നതിനുള്ള ബൃഹദ്​ പദ്ധതിയുടെ കരാറുകൾ മക്ക ഡെപ്യൂട്ടി ഗവർണറുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. 250 കോടി റിയാൽ ചെലവിട്ട് ഹോട്ടൽ നിർമിക്കാനാണ്​ ഉമ്മുൽ ഖുറ ഡെവലപ്‌മെൻറ്​ ആൻഡ് റീ കൺസ്ട്രക്ഷൻ കമ്പനിയും ജനറൽ അതോറിറ്റി ഫോർ എൻഡോവ്‌മെൻറും രണ്ട് സഹകരണ കരാറുകളിൽ ഒപ്പുവെച്ചത്​. കൂടാതെ തീർഥാടകരെ ബോധവത്​കരിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയവും ഔഖാഫ്​ ജനറൽ അതോറിറ്റിയും തമ്മിലും കരാർ ഒപ്പുവെച്ചു.

മേളയിൽ ഹജ്ജ്​, ഉംറയു​മായി ബന്ധപ്പെട്ട ഡോക്യുമെൻററികൾ പ്രദർശിപ്പിച്ചു. മക്ക ഡെപ്യൂട്ടി ഗവർണർ​ക്ക്​ ഹജ്ജ്, ഉംറ മന്ത്രി സ്​മരണിക സമ്മാനിച്ചു. ഹജ്ജ്​ ഉംറ മേഖലകളിൽ വിശിഷ്​ട സേവനത്തിനുള്ള അവാർഡുകൾ നേടിയ കമ്പനികളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.

ഇത്തവണയും നിരവധി സെഷനുകളും ശിൽപശാലകളും നിറഞ്ഞതാണ് ഹജ്ജ്​, ഉംറ സേവന സമ്മേളനവും പ്രദർശനമേളയും. വിവിധ സെഷനുകളിൽ ഹജ്ജ്, ഉംറ സംവിധാനത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളിലെ മേധാവികളും മന്ത്രിമാരും പ്രതിനിധികളും അംബാസഡർമാരും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കും.

ഹജ്ജ്​ ഉംറ മേഖലയിലെ പ്രവർത്തന അനുഭവങ്ങൾ കൈമാറുന്നതിനും നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും തീർഥാടകരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പുതിയ പരിപാടികളും പദ്ധതികളും ചർച്ച ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച്​ ഒരുക്കിയ പ്രദർശനത്തിൽ 200ലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്​. ഈ വർഷം പ്രദർശനം കാണാനെത്തുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.