പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സ്കിറ്റ്: രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സ്കിറ്റ്: രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

January 27, 2024 0 By Editor

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തിൽ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. അസി. റജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. അസി. റജിസ്ട്രാർ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്.

ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നൽകിയ പരാതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഒൻപതു മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി.

പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു നാടകം അവതരിപ്പിച്ചത്.