നെറ്റ്ഫ്ളിക്സിനും ഫ്ളവേഴ്സ് ചാനലിനും കോടതിയുടെ നോട്ടീസ്; ‘കൂടത്തായി’ സംപ്രേഷണത്തിൽ വിശദീകരണം ചോദിക്കും
കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിലും ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കെതിരെ കോടതി ഇടപെടൽ. കേസിലെ രണ്ടാം പ്രതിയായ മാത്യു നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നെറ്റ്ഫ്‌ളിക്‌സിനും ചാനലിനുമെതിരെ എരഞ്ഞിപ്പാലം സെഷൻസ് കോടതി നോട്ടീസ് അയച്ചു. ഈ മാസം 13-ന് കേസ് വീണ്ടും പരിഗണിക്കും. അന്നേ ദിവസം ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
2023 ഡിസംബർ 22-നാണ് ‘കറി ആൻഡ് സയനൈഡ്, ദി ജോളി ജോസഫ് കേസ്’ എന്ന പേരിൽ നെറ്റ്ഫ്‌ളിക്‌സിൽ ഡോക്യുമെന്ററി റിലീസ് ആയത്. ഇതിനു മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിൽ കൂടത്തായി എന്ന പേരിലും പരമ്പര സംപ്രേഷണം ചെയ്തിരുന്നു. കേസിന്റെ വിചാരണ നടക്കുന്ന വേളയിൽ ഇത്തരം പരമ്പരകളും ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുന്നത് പ്രതിയാണെന്ന് തെളിയുന്നതിന് മുന്നേ സമൂഹത്തിൽ തെറ്റായ ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാത്യു ഹർജി നൽകിയത്. പരിപാടികൾ കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. രണ്ടാം പ്രതി മാത്യുവിന് വേണ്ടി അഡ്വ. ഷഹീർ സിംഗ് കോടതിയിൽ ഹാജരായി.