കരസേനയിൽ അഗ്നിവീർ: രജിസ്ട്രേഷൻ മാർച്ച് 22 വരെ;ഓൺലൈൻ പരീക്ഷ ഏപ്രിൽ 22 മുതൽ
കരസേനയിൽ 2024-25 വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി മാർച്ച് 22 വരെ രജിസ്റ്റർ ചെയ്യാം. ഓൺ സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 22ന് ആരംഭിക്കും. ഇതിൽ യോഗ്യത നേടുന്നവർ രണ്ടാംഘട്ടം നടത്തുന്ന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കണം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിലുള്ളവർ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസിന്റെയും കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് നിവാസികൾ കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫിസിന്റെയും പരിധിയിൽപെടും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.joinindianarmy.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷഫീസ് 250 രൂപ. ഇനി പറയുന്ന വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
അഗ്നിവീർ (ജനറൽ ഡ്യൂട്ടി): യോഗ്യത: 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം (ഓരോ വിഭാഗത്തിനും 33 ശതമാനം മാർക്കിൽ കുറയരുത്) എൽ.എം.വി ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ തസ്തികക്ക് മുൻഗണന ലഭിക്കും.
അഗ്നിവീർ (ടെക്നിക്കൽ): യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കം മൊത്തം 50 ശതമാനം മാർക്കിൽ (ഓരോ വിഷയത്തിനും 40 ശതമാനം മാർക്കിൽ കുറയരുത്) കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസാകണം. അല്ലെങ്കിൽ ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തിൽ കുറയാത്ത ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയും (ഇംഗ്ലീഷ്, മാത്സ്, സയൻസ് വിഷയങ്ങൾക്ക് 40 ശതമാനം മാർക്കിൽ കുറയരുത്) ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തിൽ കുറയാതെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും ഉണ്ടാകണം.
മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഐ.ടി, വേസ്സൽ നാവിഗേറ്റർ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ഉൾപ്പെടെയുള്ള ട്രേഡ്/ബ്രാഞ്ചുകാർക്കാണ് അവസരം.
അഗ്നിവീർ (ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്നിക്കൽ): ഏതെങ്കിലും സ്ട്രീമിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. (ഓരോ വിഷയത്തിനും 50 ശതമാനം മാർക്കിൽ കുറയരുത്). ഇംഗ്ലീഷ്, മാത്സ്, അക്കൗണ്ട്സ്, ബുക്ക് കീപ്പിങ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയരുത്. അഗ്നിവീർ ട്രേഡ്സ്മെൻ: എട്ട്, പത്ത് ക്ലാസുകൾ പാസായവർക്കാണ് അവസരം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
പ്രായപരിധി: 2003 ഒക്ടോബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ഉയരം-അഗ്നിവീർ (ജിഡി) 166 സെ.മീറ്റർ, ടെക്നിക്കൽ-165 സെ. മീറ്റർ, ട്രേഡ്സ്മാൻ-166 സെ.മീറ്റർ, ഓഫിസ് അസിസ്റ്റന്റ് /സ്റ്റോർകീപ്പർ ടെക്നിക്കൽ-162 സെ.മീറ്റർ. നെഞ്ചളവ് 77 സെ.മീറ്റർ, വികാസശേഷി 5 സെ.മീറ്റർ. തെരഞ്ഞെടുപ്പ് നടപടികൾ വിജ്ഞാപനത്തിലുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈനിക പരിശീലനം നൽകും. നാലുവർഷത്തേക്കാണ് നിയമനം. ഒന്നാം വർഷം പ്രതിമാസം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം പ്രതിമാസം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. 30 ശതമാനം കോർപ്സ് ഫണ്ടിലേക്ക് പിടിക്കും. പിരിഞ്ഞുവരുമ്പോൾ സേവ നിധിയായി 10.04 ലക്ഷം രൂപ നൽകും. സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.