ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം, മന്ത്രി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലായാണ് രൂക്ഷമായ പ്രതിഷേധം നടക്കുന്നത്.

കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലവും കത്തിച്ചു പ്രതിഷേധക്കാര്‍.ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്. മന്ത്രിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇനി മുതല്‍ 50 പേരെ മാത്രം എന്ന നിലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വച്ചത്. ഈ നിര്‍ദേശം മന്ത്രി നല്‍കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആശയക്കുഴപ്പമുണ്ടായിരുന്നു.

മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണിപ്പോള്‍. പലയിടങ്ങളിലും ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി ദീര്‍ഘസമയം കാത്തുനില്‍ക്കേണ്ടി വരികയും എങ്കിലും 50 പേരെ മാത്രമേ ടെസ്റ്റിന് അനുവദിക്കില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തതോടെ ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാരാണ് പ്രതിഷേധം നടത്തുന്നത്.ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരുടെ ഭാഗത്ത് നിന്നുകൂടി പ്രതിഷേധമുയരുന്നുണ്ട്.

മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണനിലയില്‍ 100 മുതല്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story