മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്

March 14, 2024 0 By Editor

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

ധാതുമണല്‍ ഖനനത്തിനു സിഎംആര്‍എല്‍ കമ്പനിക്കു വഴിവിട്ടു സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകള്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29നാണ് ഹര്‍ജി സമര്‍പ്പിച്ചത്.