'വർത്തമാനം മാത്രം പോര, പ്രവൃത്തിയിൽ കാണണ്ടേ'; റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രിക്ക് വിമർശനവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ ക്ഷേമം വർത്തമാനം മാത്രമാകരുത്. പ്രവൃത്തിയിൽ കാണണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റിയാസ് മൗലവിയെ കൊന്നതാരാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. അങ്ങനെയുള്ള ഒരു കേസിൽ പ്രതികൾ ഇത്ര എളുപ്പത്തിൽ പുറത്തിറങ്ങി നടക്കുന്നു എന്ന് വന്നാൽ അതിലേറെ ഗൗരവമായ മറ്റെന്താണുള്ളത്. കേസ് വിട്ടുപോയതിന് ശേഷം കേസ് ഭംഗിയായി നടത്തി എന്ന് പറയുന്ന വിചിത്രമായ വാദമാണ് മുഖ്യമന്ത്രിയുടേത്. തെങ്ങിൽ നിന്നും വീണു, പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് മൗലവി വധകേസിലെ മുഖ്യമന്ത്രിയുടെ വാദം. മുമ്പും ഇതുപോലെ സംഭവങ്ങളുണ്ടായിട്ടുണ്ട്.

കേരളത്തിൽ സി.എ.എ നടപ്പാക്കാതിരിക്കാൻ എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കഴിയും. കേന്ദ്രത്തിൽ കോൺഗ്രസ് വന്നാൽ പൗരത്വ നിയമം നടപ്പിലാക്കില്ല. കോൺഗ്രസ് ഉണ്ടായിരുന്നപ്പോഴൊന്നും നടപ്പിലാക്കിയിട്ടില്ലല്ലോ. പൗരത്വം മാത്രം പറഞ്ഞ് പ്രചാരണം നടത്തിയിട്ട് കാര്യമില്ല -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സംസ്ഥാനത്ത് സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് റിയാസ് മൗലവി കേസിൽ സംഭവിച്ചത്.

ഇത്രയധികം തെളിവുകളും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷൻ കണ്ടെത്തലുകളെ ശരിവെച്ചില്ല എന്നത് സമൂഹത്തിൽ ഞെട്ടലുളവാക്കി. മതവിദ്വേഷത്തിന്‍റെ പുറത്ത് മനുഷ്യനെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story