കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ 968

കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ 968

April 6, 2024 0 By Editor

സ്റ്റാഫ് സെലക്ഷൻ കമീഷൻ 2024 വർഷത്തെ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് പേപ്പറുകളുണ്ട്. ഒന്നാമത്തെ പേപ്പർ ജൂൺ നാലു മുതൽ ആറു വരെയാണ്. ഇതിൽ യോഗ്യത നേടുന്നവരെയാണ് രണ്ടാമത്തെ പേപ്പറിന് ക്ഷണിക്കുക. കേരളം, ലക്ഷദ്വീപ്, കർണാടക നിവാസികൾക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, ബംഗളൂരു, ബെളഗാവി, ഹുബ്ബള്ളി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി എന്നിവ പരീക്ഷകേന്ദ്രങ്ങളാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിന് https://ssc.gov.in സന്ദർശിക്കുക. അപേക്ഷഫീസ് 100 രൂപ. വനിതകൾ, എസ്‍.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഏപ്രിൽ 18 വരെ അപേക്ഷിക്കാം.

ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ഡിഗ്രി/ഡിപ്ലോമ ഉണ്ടായിരിക്കണം. ചില സർവിസുകളിലേക്ക് നിർദിഷ്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 30/32 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.ഒഴിവുകൾ: വിവിധ കേന്ദ്ര സർവിസുകളിലായി നിലവിൽ 968 ഒഴിവുകളാണുള്ളത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 475 (പുരുഷന്മാർ 438, വനിതകൾ 37), ബ്രഹ്മപുത്ര ബോർഡ് (ജലശക്തി മന്ത്രാലയം) 2, കേന്ദ്ര ജല കമീഷൻ 132, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 338, കേന്ദ്ര ജലോർജ ഗവേഷണ കേന്ദ്രം 5, ഡി.ജി.ക്യു.എ നേവൽ 6, ഫറാക്ക ബാരിയേജ് 4, മിലിറ്ററി എൻജിനീയർ സർവിസ് ഒഴിവുകൾ പിന്നീട് അറിയിക്കും. നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ 6. ഒഴിവുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാവും.ഒ.ബി.സി-നോൺ ക്രീമിലെയർ, പട്ടികജാതി/വർഗക്കാർ, ഭിന്നശേഷിക്കാർ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഗ്രൂപ് ബി നോൺ ഗെസറ്റഡ് കേഡറിൽ 35,400-1,12,400 രൂപ ശമ്പളനിരക്കിൽ ജൂനിയർ എൻജിനീയറായി നിയമിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.