പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്.
മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.