മന്ത്രിയുടെ രാജി: വകുപ്പ് മാറ്റം ഗവർണറെ അറിയിക്കേണ്ടത് ജയിലിലുള്ള കെജ്‌രിവാൾ, ആംആദ്മിയിൽ രാജിക്കൊരുങ്ങി കൂടുതൽ നേതാക്കൾ
ന്യൂഡൽഹി: ഡൽഹി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജിവച്ചതിന് പിന്നാലെയുള്ള നടപടിക്രമങ്ങൾ എങ്ങനെയെന്നതിൽ തീരുമാനമാമായില്ല. വകുപ്പ് മാറ്റം ഗവർണറെ അറിയിക്കേണ്ട മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തുടരുമ്പോൾ ആംആദ്മി പാർട്ടിയും ആശങ്കയിലാണ്. രാജ്‌കുമാർ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ രാജി വയ്ക്കുമോ എന്ന ആശങ്കയാണ് പാർട്ടിയിലുള്ളത്. ബിജെപി കരുക്കൾ നീക്കി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നാണ് എഎപിയുടെ ആരോപണം.
പാർട്ടി ഒറ്റക്കെട്ടായി കെജ്‌രിവാളിന് പിന്നിൽ അണിനിരക്കും എന്ന് എഎപി നേതാക്കൾ നിരന്തരം വ്യക്തമാക്കുമ്പോഴാണ് മന്ത്രിയുടെ രാജി എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. രാജ്കുമാർ ആനന്ദിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവയ്ക്കുമോ എന്ന സംശയത്തിലാണ് ആം ആദ്മി പാർട്ടി. ഇഡി അന്വേഷണത്തിൽ ഭയപ്പെട്ടാണ് രാജി എന്നും സംസാരമുണ്ട്. രാജ് കുമാർ ആനന്ദ് ബിജെപിയിൽ ചേരും എന്നാണ് സൂചന.
തൊഴിൽ വകുപ്പിൻ്റെ ചുമതലെ പുതിയ മന്ത്രിക്ക് നൽകുക എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. ജയിലിലുള്ള അരവിന്ദ് കെജ്‌രിവാൾ ആണ് വകുപ്പ് മാറ്റം ഗവർണറെ അറിയിക്കേണ്ടത്. ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്‍രിവാളിൻ്റെയും വിശ്വാസ്യത നഷ്ടമായെന്ന് ബിജെപി ആരോപിച്ചു. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാർ ആനന്ദ് പറയുമ്പോൾ അത് ഇനിയും പലരും പാർട്ടി വിടുമെന്ന സന്ദേശമാണെന്ന നിലപാടിലാണ് ബിജെപി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ബിജെപി ഇന്നും പ്രതിഷേധിക്കും.