രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ചത്  അടിസ്ഥാന രഹിതമായ ആരോപണം: ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണം: ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

April 15, 2024 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. ബിജെപി ലീഗൽ സെൽ കൺവീനർ ജെ. പത്മകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവരാണ് സ്റ്റേറ്റ് ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പരാതി നൽകിയത്.

ഒരു മലയാളം വാര്‍ത്താ ചാനൽ നടത്തിയ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശിതരൂര്‍ നടത്തിയ പരാമര്‍ശങ്ങൾ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മീഷൻ വിലയിരുത്തി.

തൻ്റെ പരാമർശങ്ങൾ എതിർസ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശിതരൂരിൻ്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞു. ശശിതരൂരിൻ്റെ പ്രസ്താവന മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും സാഹചര്യം വച്ച് നോക്കുമ്പോൾ ഇത് എതിർ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാകും. ജാതിയവും മതപരവുമായ വികാരങ്ങളെ ഹനിക്കുന്ന പ്രസ്താവനകൾ നടത്താൻ പാടില്ലാത്തതാണ്.

ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുതെന്നും മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ചുമതലയുള്ള സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ശക്തമായ താക്കീത് നൽകി. തെളിവുകളോ രേഖകളോ ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അഭിമുഖത്തിൻ്റെ ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഉടൻ നിർത്തണമെന്നും ഏതെങ്കിലും തരത്തിൽ അവ പ്രസിദ്ധപ്പെടുത്തരുതെന്നും അങ്ങനെയുള്ളവ പിൻവലിക്കണമെന്നും ചാനലിന് കമ്മീഷൻ നിർദ്ദേശം നൽകി.