ഏഴ് മണിക്ക് തുടങ്ങും ; പോളിംഗ് വൈകിട്ട് ആറ് വരെ; വിധിയെഴുതാൻ കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഒരുങ്ങുകയാണ് കേരളം. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിക്കുക. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരിൽ 1,43,33,499 പേർ സ്ത്രീകളാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാരാണ്. 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സിൽ താഴെയുള്ള യുവജനങ്ങൾ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാർ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്.

സംസ്ഥാനത്തെ 25,231 ബൂത്തുകളിൽ വോട്ടെടുപ്പ് പ്രക്രിയകൾക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. പ്രാഥമിക പരിശോധന, മൂന്ന് ഘട്ട റാൻഡമൈസേഷൻ, മോക്ക് പോളിങ് എന്നിവ പൂർത്തിയാക്കി പ്രശ്‌നമില്ലെന്ന് ഉറപ്പാക്കിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തുകളിൽ എത്തിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ ആറിന് ബൂത്തുകളിൽ രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വീണ്ടും മോക്‌പോൾ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ഇതിന് ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക.

ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story