തൃശൂരിൽ സഹകരണ ബാങ്കിലെ 2 സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ; കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസ്

തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ഒരു സുരക്ഷാ ജീവനക്കാരന്റെ മൃതദഹം ബാങ്കിനു മുൻവശത്തും, മറ്റൊരാളുടേത് ബാങ്കിന് അടുത്തുള്ള ചാലിനു സമീപവുമായാണ് കണ്ടെത്തിയത്. ആന്റണിയെ കൊലപ്പെടുത്തിയ ശേഷം അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ ഭാഷ്യം.

ആന്റണിയുടെ തലയ്ക്ക് അടിയേറ്റ നിലയിലാണ്. അരവിന്ദാക്ഷന്റെ മൃതദേഹത്തിനു സമീപത്തുനിന്നും വിഷക്കുപ്പി കണ്ടെടുത്തു. ‌ബാങ്കിൽ ക്ലീനിങ്ങിനായി എത്തിയ ജോലിക്കാരിയാണ് ഇന്നു രാവിലെ സുരക്ഷാ ജീവനക്കാരൻ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. ജോലിക്കെത്തിയ ബാങ്ക് ജീവനക്കാരോട് സുരക്ഷാ ജീവനക്കാരൻ മരിച്ചുകിടക്കുന്നതായി വിവരം നൽകിയതും ഇവരാണ്.

തുടർന്ന് ജീവനക്കാർ ബാങ്കിൽ കയറി പരിശോധിച്ചപ്പോഴാണ് ഒരു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം മുൻവശത്തായി കണ്ടത്. രണ്ടാമത്തെയാളുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ അവിടെ ഉണ്ടായിരുന്നെങ്കിലും അയാളെ കണ്ടെത്താനായില്ല. തുടർന്ന് ബാങ്കിനു ചുറ്റും പരിശോധിച്ചപ്പോൾ സമീപത്തുള്ള ചാലിനു സമീപം ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. എട്ടുമണിയോടെ സംഭവസ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്. കാർഷിക സർവകലാശാല ക്യാംപസിനകത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story