നവകേരള ബസ്സിന്റെ സർവീസ് ആരംഭിച്ചു: കന്നിയാത്ര കേടായ വാതിൽ കെട്ടിവെച്ച്‌

കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് യാത്രാസർവീസ് ആരംഭിച്ചു. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് സർവീസ്…

കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് യാത്രാസർവീസ് ആരംഭിച്ചു. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. ഇന്നു പുലർച്ചെ നാലുമണിക്ക് കോഴിക്കോട് നിന്നും യാത്ര ആരംഭിച്ച ബസ് രാവിലെ പതിനൊന്നരയോടെ ബെംഗളൂരുവിൽ എത്തും. കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ വാതിൽ കെട്ടിവെച്ചാണ് യാത്ര.

വാതിലിന് തകരാർ സംഭവിച്ചതിനെതുടർന്നാണ് താൽക്കാലികമായി കെട്ടിവെച്ച് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അൽപസമയത്തിനകം തന്നെ വാതിൽ തനിയെ തുറന്നുവരുകയായിരുന്നു. തുടർന്നാണ് വാതിൽ താൽക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിൻറെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബെംഗളൂരുവിലേക്ക് പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരിൽ ചിലർ പ്രതികരിച്ചു. ഉപയോഗിക്കാതെ കട്ടപുറത്തിടാതെ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കിയത് നല്ലകാര്യമാണെന്നും യാത്രക്കാർ പ്രതികരിച്ചു.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നൽകണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരിൽ പലർക്കും താൽപ്പര്യം. ഡിപ്പോയിൽ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്പർ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റിൽ ഉൾപ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.

തിരുവനന്തപുരം -കോഴിക്കോട് സർവീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്നത്. എല്ലാദിവസവും പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവിൽ എത്തും. പകൽ 2.30ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story