നിലപാട് കടുപ്പിച്ച് ഇഡി; കരുവന്നൂർ കേസിൽ ഇ.ഡി ഹൈകോടതിയിൽ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്. ഇടപാടിൽ ഉൾപ്പെട്ടത് കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാനും വിവരങ്ങൾ മറച്ചുവെക്കാനും ശ്രമമുണ്ടായതായും ഇ.ഡി അറിയിച്ചു.
കേസിൽ പ്രതികളായ പി.ആർ. അരവിന്ദാക്ഷൻ, പി. സതീഷ് കുമാർ, സി.കെ. ജിൽസ് എന്നിവർക്ക് ജാമ്യം നൽകുന്നത് എതിർത്താണ് ഇ.ഡിക്ക് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ ലക്ഷ്മൺ സുന്ദരേശൻ ഇക്കാര്യങ്ങൾ ഉന്നയിച്ചത്.മുഖ്യപ്രതി പി.പി. കിരൺ മുഖേന ഇടനിലക്കാരനായ സതീഷ് കുമാർ അനധികൃത വായ്പയായും മറ്റും 25 കോടിയെങ്കിലും തിരിമറി നടത്തിയിട്ടുള്ളതായി ഇ.ഡി ആരോപിച്ചു.
വ്യാജ രേഖകളുടെയും മറ്റും ഈടിന്മേലാണ് ഈ തട്ടിപ്പുകൾ നടത്തിയത്. തന്റെ പക്കൽ എത്തിയ തുകയിൽ 14 കോടിയോളം രൂപ സതീഷ് കുമാർ കൂട്ടുപ്രതികൾക്ക് കൈമാറി. നിയമപരമായി സമ്പാദിച്ച തുകയല്ലെന്ന പൂർണ അറിവോടെയാണ് മറ്റു പ്രതികൾ അത് കൈകാര്യം ചെയ്തത്. ഈ നടപടികൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കുറ്റകരമാണ്. ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കിരൺ, അരവിന്ദാക്ഷൻ, സതീഷ് കുമാർ എന്നിവരാണ് ഈ നിയമവിരുദ്ധ നടപടികളിലെ പ്രധാന ഇടപാടുകാർ. ഇക്കാര്യങ്ങൾക്കെല്ലാം ഇവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്.
കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ഇ.ഡി നിഗമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പ്രതികൾ വാദിച്ചു. എന്നാൽ, ഇവർ പ്രതികളാകും മുമ്പ് നൽകിയതാണ് ഈ മൊഴികളെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഈ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കേസ് തെളിയിക്കാനാവുകയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. മൊഴികൾ മാത്രമല്ല, മറ്റ് തെളിവുകളും രേഖകളുമുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് രേഖകൾ, വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ, സാക്ഷി ജയരാജന്റെ കത്ത്, ബാങ്കിന്റെയും പ്രതികൾക്ക് ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും ബാലൻസ് ഷീറ്റ്, ആദായനികുതി റിട്ടേൺ തുടങ്ങിയവയെല്ലാം തെളിവുകളായുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു.
തുടർന്ന് പ്രതിഭാഗം വാദത്തിനായി ജസ്റ്റിസ് സി.എസ്. ഡയസ് കേസ് ഈ മാസം 29ലേക്ക് മാറ്റി. അതേസമയം, കണ്ടല സഹകരണബാങ്ക് തട്ടിപ്പുകേസിൽ പ്രതികളായി ജയിലിൽ കഴിയുന്ന ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗൻ, മകൻ ജെ.ബി. അഖിൽ ജിത്ത് എന്നിവരുടെ ജാമ്യ ഹരജികളും 29ന് പരിഗണിക്കും.