കേരളത്തില്‍ കാലവര്‍ഷം എത്തി ; അടുത്ത അഞ്ചുദിവസത്തേക്ക് മഴ ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം എത്തി ; അടുത്ത അഞ്ചുദിവസത്തേക്ക് മഴ ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

May 30, 2024 0 By Editor

തിരുവനന്തപുരം: അതിശക്തമായ മഴക്കെടുതി നേരിടുന്ന കേരളത്തില്‍ കാലവര്‍ഷം കൂടി ഇന്നുമുതല്‍ നേരിടേണ്ടി വരും. കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്തെ ജില്ലകളില്‍ ഇന്ന് യെല്ലോ ഓറഞ്ച് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച വരെ വ്യാപകമായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തു മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കാലവര്‍ഷത്തിനൊപ്പം തെക്കന്‍ തമിഴ്നാട് തീരത്തുള്ള ചക്രവാതചുഴിയും കേരളത്തില്‍ മഴയുടെ കരുത്തു കൂട്ടും. ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കേരളതീരത്ത് ശക്തമായ കാറ്റിനും വ്യാപകമായി ഇടി മിന്നലിനും സാധ്യതയുണ്ട്.

മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു 11 ജില്ലകളിലും യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്്. മലയോര പ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്കുള്ള പോക്കിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ തുടങ്ങി പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴക്കാല പൂര്‍വ്വ ശുചീകരണം നടത്താത്തതിനാല്‍ ഒറ്റമഴയില്‍ തന്നെ നാടും നഗരവും വെള്ളക്കെട്ടിലാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam