തൃശൂരിൽ അതിശക്തമായ മഴ ;ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴ
അതിശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴയാണ്. കനത്ത മഴയിൽ തൃശൂർ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഹനം തിരിച്ചുവിട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് റൗണ്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മൂന്ന് ബൈക്കുകൾ ഒഴുക്കിൽപ്പെട്ടു. വീടുകളിൽ വെള്ളം കയറി. ഓടകളിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് കനത്ത വെള്ളക്കെട്ടിന് കാരണം.
തൃശൂർ, മലപ്പുറം ജില്ലകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 3 മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (10.30ന് പുറപ്പെടുവിച്ച സന്ദേശം).