ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകർക്ക് നിയന്ത്രണം: ‘ആവേശം’ വേണ്ടെന്ന് ശബ്ദ സന്ദേശം
കണ്ണൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗിലെ വനിതാ പ്രവർത്തകരെ റോഡ് ഷോയിൽ നിന്നും പ്രകടനത്തിൽ നിന്നും വിലക്കി ലീഗ് നേതാവ്. ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ലീഗ് നേതാവിന്റെ ശബ്ദസന്ദേശവും പുറത്തുവന്നു. ലീഗിന്റെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദാണ് വനിതാ പ്രവർത്തകരെ വിലക്കിയത്. ഇന്നാണ് പാനൂരിലെ ഷാഫിയുടെ റോഡ് ഷോ.
നിയുക്ത എംപിയുടെ സ്വീകരണ പരിപാടിയിൽ വനിതാ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും അതിരുവിട്ടുള്ള ആഘോഷം വേണ്ടെന്നും അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നുമാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല, ലീഗിന് ആക്ഷേപം വരാത്ത രീതിയിലാകണം ആഘോഷം, അച്ചടക്കം പാലിക്കണം, മറ്റു പാർട്ടികളിലെ വനിതാ പ്രവർത്തകരുടേത് പോലുള്ള ആവേശം വേണ്ട തുടങ്ങിയ നിർദ്ദേശങ്ങളാണ് വനിതാ പ്രവർത്തകർക്ക് നൽകുന്നത്.
വടകരയിലെ വിജയാഹ്ലാദത്തിൽ വോട്ടെണ്ണൽ ദിനം വനിതാ ലീഗ് പ്രവർത്തകർ നൃത്തം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് റോഡ് ഷോയിൽ നിന്ന് വിലക്കി കൊണ്ടുള്ള നേതാവിന്റെ ശബ്ദ സന്ദേശമെത്തിയത്.