മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു

മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു

June 15, 2024 0 By Editor

മലപ്പുറം: വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത 30ല്‍ അധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. 30-ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വള്ളിക്കുന്ന് പഞ്ചായത്തില്‍ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവര്‍ ചികിത്സയില്‍ കഴിയുന്നത്.

പഞ്ചായത്തിലുളള നിരവധിപേര്‍ക്ക് ഒരേ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയും ചര്‍ദ്ദിയും തുടര്‍ന്ന് ആളുകളെല്ലാം ചികിത്സ തേടിയിരുന്നു. രോഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകന്‍ അജ്നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഫെമിനാസിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അജ്നാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായിരുന്നു ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നു. അന്ന് ഓഡിറ്റോറിയത്തിന്റെ ഉടമകള്‍ സംഭവം പുറത്ത് വരാതിരിക്കാന്‍ ഒതുക്കി തീര്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam