പ്രതിപക്ഷത്തിൻ്റെ ‘കുതന്ത്രങ്ങൾ’ നടക്കില്ല, സ്പീക്കർ സ്ഥാനത്തേക്ക് വിജയം ഉറപ്പിച്ച് ബി.ജെ.പി നേതൃത്വം

പ്രതിപക്ഷത്തിൻ്റെ ‘കുതന്ത്രങ്ങൾ’ നടക്കില്ല, സ്പീക്കർ സ്ഥാനത്തേക്ക് വിജയം ഉറപ്പിച്ച് ബി.ജെ.പി നേതൃത്വം

June 17, 2024 0 By Editor

സ്പീക്കർ സ്ഥാനത്തേക്ക് ടിഡിപി സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണയ്ക്കുമെന്ന പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യാസഖ്യ നിലപാട് നടക്കില്ല. അത്തരമൊരു സാഹസം ടിഡിപി കാട്ടിയാൽ അവരെ എൻഡിഎയിൽ നിന്നും ബിജെപി പുറത്താക്കും.

നിലവിൽ ജെഡിയു സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ലോകസഭയിൽ 4 അംഗങ്ങൾ ഉള്ള ടിഡിപിയുടെ പ്രധാന ശത്രുവായ വൈഎസ്ആർ കോൺഗ്രസ്സും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. ലോകസഭയിൽ നാലും രാജ്യസഭയിൽ 11ഉം എം.പിമാരുള്ള വൈഎസ്ആർ കോൺഗ്രസ്സുമായി ഇപ്പോഴും ഒരു ഹോട്ട് ലൈൻ ബിജെപി നിലനിർത്തിയിരിക്കുന്നത് ടിഡിപിയുടെ കാര്യത്തിൽ അവർക്ക് വലിയ ഉറപ്പ് ഇല്ലാത്തതുകൊണ്ടു കൂടിയാണ്.

സ്പീക്കർ സ്ഥാനത്ത് ബിജെപി പ്രതിനിധി വന്നാൽ ടിഡിപിയെയും ജെഡിയുവിനെയും പിളർത്തുമെന്നാണ് ഇന്ത്യാസഖ്യം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, ഇതിനേക്കാൾ പ്രതിപക്ഷ സഖ്യം ഭയക്കുന്നത് സ്പീക്കർ സ്ഥാനത്ത് ബിജെപി നേതാവ് വന്നാൽ പ്രതിപക്ഷ പാർട്ടികളെ ബിജെപി ലക്ഷ്യമിടുമെന്നതാണ്.

ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ബിജെപി മന്ത്രിമാരുടെ കീഴിൽ ആയതിനാൽ ഇതിനുള്ള സാധ്യത ഏറെയാണ്. സ്പീക്കർ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ പാർട്ടികളിലെ എം.പിമാരെ വലവീശി പിടിക്കാൻ ബിജെപി എല്ലാ ശ്രമവും നടത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ആദ്യഘട്ടത്തിൽ ടിഡിപി – ജെഡിയു പാർട്ടികളെ ബിജെപി ലക്ഷ്യമിടില്ലെങ്കിലും ഈ പാർട്ടികൾ മുന്നണി വിടാൻ തീരുമാനിച്ചാൽ പിളർത്താനുള്ള സാധ്യത ഏറെയാണ്. യഥാർത്ഥത്തിൽ ടിഡിപിയും ജെഡിയുവും മുന്നണി വിട്ടാൽ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാറിന് ഭീഷണി ഇല്ല. അതിനുള്ള മുൻ കരുതൽ ഇതിനകം തന്നെ ടീം മോദി ഉറപ്പു വരുത്തിയിട്ടുണ്ട്.

അതേസമയം മോദി സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസികൾ ‘കുരുക്കുമോ’ എന്ന ആശങ്ക ഒരു വിഭാഗം ടിഡിപി – ജെഡിയു എം.പിമാർക്കും ഉണ്ട്. മുൻപ് ഇന്ത്യാസഖ്യം സർക്കാറുണ്ടാക്കാൻ നീക്കം ഊർജിതമാക്കിയപ്പോൾ ആ സഖ്യത്തിൽ ചേരരുത് എന്ന ശക്തമായ നിലപാടും ഈ പാർട്ടികളിലെ ഒരു വിഭാഗം എം.പിമാർ നേതൃത്വത്തെ അറിയിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളും താൽപ്പര്യങ്ങളും നയിക്കുന്ന പ്രതിപക്ഷ മുന്നണി അധികാരത്തിൽ വന്നാൽ ആ ഭരണം ആറ് മാസത്തിന് അപ്പുറം പോകില്ലെന്ന നിലപാടിലാണ് ഈ വിഭാഗമുള്ളത്. ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പോലും ഒറ്റക്കെട്ടായി ഉയർത്തിക്കാട്ടാൻ ഇല്ലാത്ത ഇന്ത്യാ മുന്നണിയിൽ ചേരുന്നത് ആത്മഹത്യാപരമായിരിക്കും എന്ന മുന്നറിയിപ്പും ജെഡിയു – ടിഡിപി എം.പിമാർ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ വികാരം കൂടി പരിഗണിച്ചാണ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഇന്ത്യാ മുന്നണിയോട് നോ പറഞ്ഞിരുന്നത്.

ജൂൺ 26ന് ആണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും അതോടൊപ്പം നടക്കും. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകണമെന്നതാണ് ഇന്ത്യാ സഖ്യത്തിൻ്റെ ആവശ്യം. എന്നാൽ, സ്പീക്കർ തിരഞ്ഞെടുപ്പിൽ മുന്നണിയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചതിനാൽ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകേണ്ടതില്ലന്ന നിലപാടാണ് മുതിർന്ന ബിജെപി നേതാക്കൾക്കുള്ളത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam