സർവകാല റെക്കോർഡുകളും ഭേദിച്ച് കാപ്പിക്കുരുവിന്റെ മുന്നേറ്റം
February 6, 2025സംസ്ഥാനത്ത് കാപ്പിക്കുരു വില സർവകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ വർഷം കൊക്കോ വിലയിൽ ഉണ്ടായ പ്രവചനാതീതമായ മുന്നേറ്റമാണ് ഇപ്പോൾ കാപ്പിക്കുരുവിന്റെ കാര്യത്തിൽ സംഭവിക്കുന്നത്. വിളവെടുപ്പിന്റെ ഈ ഘട്ടത്തിലും വില പടിപടിയായി മുന്നോട്ട് പോകുന്നത് കർഷകരെ സന്തോഷിപ്പിക്കുന്നു. എങ്കിലും ഉൽപാദനത്തിലെ കുറവ് കർഷകർക്ക് ആശങ്കയാണ്. അസമയത്ത് പെയ്ത മഴയിൽ തോട്ടങ്ങളിൽ പൂക്കൾ വ്യാപകമായി പൊഴിഞ്ഞു പോയതാണ് ഉൽപാദന കുറവിന് ഇടയാക്കിയത്.
പച്ചക്കായയ്ക്ക് കിലോയ്ക്ക് 100 രൂപയാണ് ഹൈറേഞ്ചിലെ പ്രധാന മാർക്കറ്റുകളിൽ ഇന്നലത്തെ വില. ഉണക്കയ്ക്ക് 275 രൂപയും. അതേ സമയം പരിപ്പിനു വില 430 കടന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് പരിപ്പിനു 300 രൂപയിൽ താഴെയായിരുന്നു വില. പച്ചക്കായയ്ക്ക് 60 രൂപയും. ഏറെ വർഷങ്ങൾക്കു ശേഷമാണ് കാപ്പിക്കുരുവിനു വില ഇത്രയും ഉയരുന്നത്. എന്നാൽ വിലക്കയറ്റം കർഷകർക്ക് പ്രയോജനം ചെയ്യില്ല. ഉൽപാദനച്ചെലവിനുള്ള വരുമാനം പോലും കാപ്പിക്കൃഷിയിൽ നിന്നു ലഭിക്കാതെ വന്നതോടെ കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു.
വിളവെടുപ്പിനു തൊഴിലാളികളെ കിട്ടാനില്ലാത്തതും അണ്ണാൻ, മരപ്പട്ടി, വവ്വാൽ എന്നിവയുടെ ശല്യവും കാപ്പിക്കൃഷിക്കു തിരിച്ചടിയായി. മഹാപ്രളയത്തിനു ശേഷമുണ്ടായ കാലാവസ്ഥാ വ്യതിയാനവും രോഗകീട ബാധകളും നിലവിലുള്ള തോട്ടങ്ങളിൽ ഉൽപാദനം ഗണ്യമായി കുറച്ചു. മാത്രമല്ല, ഏലത്തിന് വില മെച്ചപ്പെട്ടതിനാൽ കർഷകർ കാപ്പിച്ചെടികൾ വെട്ടി മാറ്റി ഏലം കൃഷി വ്യാപിപ്പിച്ചിരുന്നു. ജില്ലയിൽ മണിയാറൻകുടി, കൂട്ടക്കുഴി, മക്കുവള്ളി മനയത്തടം, കൈതപ്പാറ എന്നിവിടങ്ങളിൽ വ്യാപകമായ കാപ്പി കൃഷിയുണ്ട്.
വാത്തിക്കുടിയിലും കട്ടപ്പനയിലും കാഞ്ചിയാറിലും ഉപ്പുതറയിലും നെടുങ്കണ്ടത്തുമെല്ലാം കാപ്പിത്തോട്ടങ്ങൾ ഏലം കൃഷിക്ക് വഴിമാറിയെങ്കിലും ഇപ്പോഴും ഭാഗികമായി കൃഷി തുടരുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. മാന്യമായ വില നിലവാരം തുടരുന്നതിനിടെ ഹൈറേഞ്ചിൽ കാപ്പി പുതുകൃഷി ചെയ്യുന്ന കർഷകരുടെ എണ്ണവും കൂടിയിട്ടുണ്ട്.