ജൈവകൃഷിയിൽ തൊഴിൽ നൈപുണ്യ വികസനത്തിന് യുവജനങ്ങൾക്ക് പരിശീലനം
കൊച്ചി: കാർഷിക രംഗത്തെ തൊഴിൽനൈപുണ്യ വികസനത്തിന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) യുവജനങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനക്ക് കീഴിലാണ് പരിപാടി. ചെറുകിട ജൈവകർഷകൻ എന്ന പേരിൽ നടത്തുന്ന കോഴ്‌സിലൂടെ യുവജനങ്ങൾക്കിടയിൽ തൊഴിലവസരവും ഉപജീവനവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജൈവകൃഷി രീതികളിലെ പരിശീലനം 27 ദിവസം നീണ്ടു നിൽക്കും.
കന്നുകാലി വളർത്തലുമായി സംയോജിപ്പിച്ചുള്ള ജൈവകൃഷി, ഫാം ബയോമാസിനെ ജൈവവളമാക്കി മാറ്റൽ, നിലമൊരുക്കൽ, വിള പരിപാലനം, ജൈവകീടനിയന്ത്രണ രീതികൾ, ജൈവ ഉൽപന്നങ്ങളുടെ വിപണന തന്ത്രങ്ങൾ എന്നീ മേഖലകളിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. കാർഷിക മേഖലയിൽ സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രാമുഖ്യം നൽകും.
12ാം ക്ലാസ് പൂർത്തിയാക്കിയ 45 വയസ്സിന് താഴെയുള്ള എറണാകുളം ജില്ലയിൽ താമസക്കാരായവർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. നവംബർ രണ്ടാം വാരം മുതൽ സിഎംഎഫ്ആർഐയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് 25 പേർക്കാണ് പ്രവേശനം. പരിശീലനത്തിന് ശേഷം അഗ്രികൾ്ചറൽ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മൂല്യനിർണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ 9400257798. പരിശീലനം സൗജന്യമാണ്