പാവയ്ക്ക പന്തല്‍ നിറയെ കായ്കള്‍ : ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം

പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം.

1. പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് നല്ലതാണ്. ഇവ തെരഞ്ഞെടുത്ത് നട്ടാല്‍ കീട-രോഗ ബാധ കുറവായിരിക്കും.

2. അടിവളം നന്നായി നല്‍കിവേണം പാവയ്ക്ക വിത്തിടാം. എല്ലുപൊടി, ചാണകപ്പൊടി എന്നിവയിട്ട് മണ്ണിളക്കണം, എന്നിട്ട് വിത്ത് നടാം. അര ഇഞ്ച് ആഴത്തില്‍ കുഴിയുണ്ടാക്കി വേണം വിത്തിടാന്‍. തുടര്‍ന്ന് നനയ്ക്കുക.

3. കൃത്യ സമയത്ത് പന്തലിട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്, എന്നാല്‍ മാത്രമേ നല്ല പോലെ വളര്‍ന്ന് പൂത്ത് കായ്ക്കൂ. വള്ളി വീശി തുടങ്ങിയാല്‍ ഉടനെ പന്തലിടണം. 6-8 അടി ഉയരത്തില്‍ വലയിട്ടു കൊടുക്കുന്നതും നല്ലതാണ്.

4. പന്തലിലേക്ക് കയറാന്‍ തുടങ്ങിയാല്‍ ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്ത് കൊടുക്കാം. പച്ചത്തുള്ളന്‍, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടിയെ സംരക്ഷിക്കും.

5. പ്രൂണിങ് നല്ല പോലെ ചെയ്താല്‍ കായ്കളും നന്നായി ഉണ്ടാകും. 2-3 അടി നീളമുള്ള ശാഖകളുടെ അഗ്രഭാഗങ്ങള്‍ മുറിക്കുക.

6. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥലത്തിനു ചുറ്റും പൂച്ചെടികള്‍ കൂടി നടുക. എന്നാല്‍ തേനീച്ചകള്‍ കൂടുതലായി എത്തി പരാഗണം കൃത്യമായി നടക്കും. പൂക്കളെല്ലാം നല്ല പോലെ കായ്കളായി മാറാനിതു സഹായിക്കും.

7. കായ് പിടിക്കാന്‍ തുടങ്ങിയാല്‍ അവയെ പേപ്പര്‍ കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കാം. കീടങ്ങളില്‍ നിന്നു പാവയ്ക്കയെ ഇതു സഹായിക്കും.

8. പച്ചില, പച്ചച്ചാണകം തുടങ്ങിയവ ഉപയോഗിച്ചുള്ള ജൈവ സ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കുക. നല്ല പോലെ കായ്കളുണ്ടാകാനിതു സഹായിക്കും.

Related Articles
Next Story