വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇവയെ പൂര്‍ണമായി തുരത്തി ചെടിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ പറ്റൂ.
1. മഞ്ഞക്കെണി
വെളളീച്ചകളെ തുരത്താന്‍ എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന മാര്‍ഗമാണിത്. ഒഴിഞ്ഞ ടിന്നിന്റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്റടിച്ച് ഉണങ്ങിയശേഷം അതിന്‍മേല്‍ ആവണക്കെണ്ണ പുരട്ടി കൃഷിയിടത്തില്‍ തൂക്കിയിടാം. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. മഞ്ഞക്കെണി കടകളില്‍ വാങ്ങാനും ലഭിക്കും.
2. വെര്‍ട്ടിസീലിയം ലക്കാനി
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്ന് മുതല്‍ അഞ്ച് ഗ്രാം/മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം.
3. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം
20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം.
4. വേലിച്ചെടി
വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി.ഗ്രാം നന്നായി ചതച്ചരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2-3 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചെടികളില്‍ തളിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. അതിരാവിലെയും വൈകുന്നേരങ്ങളിലും പ്രയോഗിക്കുന്നതാണ് നല്ലത്. ആക്രമണം രൂക്ഷമാണെങ്കില്‍ 10 ദിവസമിടവിട്ട് മേല്‍പറഞ്ഞ കീടനാശിനികള്‍ മാറിമാറി തളിക്കുക.