ഏതു കാലാവസ്ഥയിലും വസന്തമൊരുക്കും ടെക്കോമ

മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും ഇതിനെ വളര്‍ത്താം.

സുബ്രഹ്‌മണ്യ കിരീടം

വരള്‍ച്ചയെ നന്നായി നേരിടാന്‍ കഴിവുള്ള ഈ ചെടിക്ക് ചൂടുള്ള കാലാവസ്ഥയോട് വലിയ താത്പര്യമാണ്. ഉദ്യാനത്തില്‍ ടെക്കാമ പൂത്താല്‍ പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും ധാരാളമെത്തും. പയറുപോലെയുള്ള കായയുടെയുള്ളിലെ വിത്തുകള്‍ പറക്കാനുതകുന്ന ചിറകുകളോടുകൂടിയതാണ്.

സുബ്രഹ്‌മണ്യകിരീടം എന്നും പ്രാദേശികമായി ചിലര്‍ ഈ ചെടിയെ വിളിക്കുന്നു. അമേരിക്കയാണ് ഈ സസ്യത്തിന്റെ ജന്മദേശം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിര്‍ജിന്‍ ദ്വീപുകളുടെ ഔദ്യോഗികപുഷ്പവും ബഹാമാസിന്റെ ദേശീയപുഷ്പവും സുബ്രഹ്‌മണ്യകിരീടമാണ്.



ചട്ടിയില്‍ വളര്‍ത്താം

ചട്ടിയില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത്. നേരിട്ട് വെയില്‍ ലഭിക്കുന്ന എവിടെയും നടാം. മഞ്ഞ നിറമുള്ള പൂക്കളുണ്ടാകുന്ന ഇനമാണ് സാധാരണ അധികവും കാണപ്പെടുന്നത്. പിങ്ക്, വെള്ള, മഞ്ഞയും ചുവപ്പും നിറങ്ങളിലുമെല്ലാം ഇവയുണ്ടാകും. ഡ്വാര്‍ഫ് ഇനങ്ങളും ചെറിയ രീതിയില്‍ വള്ളിയായി പടരുന്നവയുമുണ്ട്. ചാണകപ്പൊടി, എല്ല് പൊടി എന്നിവ മാസത്തിലൊരിക്കലിട്ടു കൊടുത്താല്‍ മതി.

Related Articles
Next Story