ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

സാമ്പാറില്‍ ഉപയോഗിക്കാന്‍ ഏറെ നല്ലതാണ് തക്കാളി വഴുതന. മറ്റിനങ്ങളേക്കാള്‍ രുചിയുണ്ട്, വേവിക്കുമ്പോള്‍ നന്നായി ഉടയുകയില്ല.

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ നിരവധി ഇനം വഴുതന നാം കൃഷി ചെയ്യാറുണ്ട്. എന്നാല്‍ രൂപത്തിലും രുചിയിലും ചെടിയുടെ കാര്യത്തില്‍ വരെ വേറിട്ട ഒന്നാണ് തക്കാളി വഴുതന. ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന ഇനം കൂടിയാണിത്.

മുള്ളില്ലാ വഴുതന

സാധരണ ഇനം വഴുതനച്ചെടിക്ക് തണ്ടില്‍ മുള്ളുകളുണ്ടാകും. എന്നാല്‍ തക്കാളി വഴുതന ഇനത്തിന് മുള്ളുകളുണ്ടാകില്ല. മാത്രമല്ല ഇലകള്‍ നല്ല വലിപ്പവും വീതിയുമുണ്ടാകും. അത്യാവശ്യം ഉയരത്തില്‍ നീണ്ട് ചെടി വളരുകയും ചെയ്യും. ഒരിക്കല്‍ നട്ടാല്‍ രണ്ടു വര്‍ഷമെങ്കിലും വിളവും ലഭിക്കും.

സാമ്പാറിന് മികച്ചത്

സാമ്പാറില്‍ ഉപയോഗിക്കാന്‍ ഏറെ നല്ലതാണ് തക്കാളി വഴുതന. മറ്റിനങ്ങളേക്കാള്‍ രുചിയുണ്ട്, വേവിക്കുമ്പോള്‍ നന്നായി ഉടയുകയില്ല. ഉറപ്പുള്ള കഷ്ണങ്ങളായിരിക്കും. മൂപ്പെത്തും മുമ്പ് ചെടിയില്‍ നിന്നും പറിച്ചെടുക്കണമെന്നു മാത്രം. അധികം മൂപ്പെത്താത്ത ഇലയും തോരനുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്.

നടീല്‍ രീതി

സാധാരണ വഴുതന നടും പോലെ വിത്ത് പാകി തൈയുണ്ടാക്കി പറിച്ചു നടാം. വേനല്‍ക്കാലമാണെങ്കില്‍ മണ്ണിളക്കി കുറച്ച് ചാണകപ്പൊടി, ആട്ടിന്‍കാഷ്ടം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ചെറിയ തടമുണ്ടാക്കി തൈനടാം. കൃത്യമായ ഇടവേളകളില്‍ നനച്ചു കൊടുക്കണം. ചെടി വളര്‍ന്നു തുടങ്ങിയാല്‍ താങ്ങ് സ്ഥാപിച്ചു നല്‍കണം. മറ്റിനങ്ങളെപ്പോലെ പടര്‍ന്നു വളരില്ല, നേരെ മുകളിലേക്ക് പോകുകയാണ് ചെയ്യുക. ഇതിനാല്‍ താങ്ങ് നിര്‍ബന്ധമാണ്. മൂന്നു മാസത്തിനുള്ളില്‍ കായ്കളുണ്ടായി തുടങ്ങും.

പരിചരണം

വലിയ ഇലകളായതിനാല്‍ ഇല തീനിപ്പുഴുക്കളുടെ ആക്രമണം ഏതു സമയത്തും പ്രതീക്ഷിക്കാം. അതു പോലെ കായ് തുരപ്പനുമെത്തും. വേപ്പധിഷ്ടിത കീടനാശിനികള്‍ പ്രയോഗിച്ച് ഇവയെ തുരത്താം. മഴക്കാലത്താണെങ്കില്‍ ചുവട്ടില്‍ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കുക.

Related Articles
Next Story