എൻഫീൽഡിന്റെ ബിയർ! ആര് കണ്ടാലും കൊതിക്കുന്ന 650 സിസി സ്ക്രാംബ്ലർ ബൈക്കുമായി എൻഫീൽഡ്

ഇങ്ങനെയും ബൈക്ക് പണിയാൻ അറിയാമായിരുന്നു അല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ കുറച്ചുകാലമായി റോയൽ എൻഫീൽഡ് കേൾക്കുന്നത്. കാരണം മറ്റൊന്നുമല്ല, പണ്ടുണ്ടായിരുന്ന ക്ലാസിക് മോട്ടോർസൈക്കിളുകളെല്ലാം ഇപ്പോൾ പക്കാ മോഡേണായതാണ് സംഭവം. ഒപ്പം വിപണിയിലെത്തിക്കുന്ന പുത്തൻ മോഡലുകളുടെ ലുക്കും പെർഫോമൻസും ഫീച്ചറുകളുമെല്ലാം കണ്ട് കണ്ണുതള്ളിയവരാണ് എല്ലാവരും. ഹണ്ടർ, പുത്തൻ ഹിമാലയൻ, ഗറില്ല തുടങ്ങിയ പുതുതലമുറ മോട്ടോർസൈക്കിളുകളെല്ലാം ആളുകൾ ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ ഈ നിരയിലേക്ക് പുതുപുത്തനൊരു 650 സിസി സ്ക്രാംബ്ലർ ബൈക്കും വന്നിരിക്കുകയാണ്

ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന 2024 EICMA മോട്ടോർ ഷോയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ എന്നിവയ്ക്ക് ശേഷം 650 ട്വിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അഞ്ചാമത്തെ 650 സിസി മോട്ടോർസൈക്കിളാണ് ബിയർ. ഇതിൽ ഇന്റർസെപ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നതും.

സ്‌ക്രാംബ്ലർ അധിഷ്‌ഠിത ഡിസൈൻ, പുതിയ ഫീച്ചറുകൾ, പ്രീമിയം മെക്കാനിക്കൽ പാർട്‌സുകൾ എന്നിവയെല്ലാമാണ് ഇന്റർസെപ്റ്ററിൽ നിന്നും ബിയർ 650 മോട്ടോർസൈക്കിളിനെ വേറിട്ടു നിർത്തുന്നത്. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന EICMA ഷോയിൽ റോയൽ എൻഫീൽഡ് ബിയർ 650 പതിപ്പിന്റെ വില പ്രഖ്യാപിക്കും. ഡിസൈനിലേക്ക് നോക്കിയാൽ സ്‌ക്രാംബ്ലർ സ്വഭാവം കൈവരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന സ്റ്റൈലിംഗും കളർ കോമ്പിനേഷനും ഇടിവെട്ടായിട്ടുണ്ട്.

ട്വിൻ ഡൗൺ ട്യൂബ് ഷാസിയെ അടിസ്ഥാനമാക്കിയാണ് പുതുപുത്തൻ 650 സ്ക്രാംബ്ലർ പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളാണ് സസ്പെൻഷനായി കൊടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ ഓഫ്-റോഡ് ശേഷി വർധിപ്പിക്കുന്നതിനായി സബ്ഫ്രെയിം അൽപ്പം ഉയർത്താനും കമ്പനി തയാറായി. ഫ്യുവൽ ടാങ്ക് ഇൻ്റർസെപ്റ്ററിന്റേത് പോലെ തന്നെയാണെങ്കിലും ആകർഷകമായ ഫങ്കി കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിങ്ങനെ പൂർണമായും എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്ന 650 ട്വിൻ ശ്രേണിയിലെ ആദ്യത്തെ മോട്ടോർസൈക്കിളാണ് ബിയർ 650. സ്‌ക്രാംബ്ലർ സ്‌റ്റൈലിംഗ് എടുത്ത് കാണിക്കുന്നത് ബൈക്കിന്റെ പിന്നിലെ അൽപ്പം സ്‌കൂപ്പ് ചെയ്‌ത സീറ്റ്, ടു-ഇൻ-ടു-വൺ എക്‌സ്‌ഹോസ്റ്റ്, സൈഡ് പാനലിലെ നമ്പർ ബോർഡുകൾ, വീതിയേറിയ വൺപീസ് ഹാൻഡിൽബാർ, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവയാണ്.




19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയർ വീലിലും നിരത്തിലേക്ക് ഓടിയിറങ്ങുന്ന ബിയർ 650-യുടെ ഗ്രൗണ്ട് ക്ലിയറൻസ് 184 മില്ലീമീറ്ററാണെന്നും റോയൽ എൻഫീൽഡ് പറയുന്നു. MRF വികസിപ്പിച്ച ഡ്യുവൽ പർപ്പസ് ടയറുകൾ ബൈക്കിന് കൂടുതൽ പരുക്കൻ രൂപം സമ്മാനിക്കുന്നുമുണ്ട്. ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്വിച്ചബിൾ എബിഎസ് സവിശേഷതയും ബിയർ 650 സ്ക്രാംബ്ലറിലുണ്ട്. വൈഡ് ഹാൻഡിൽ ബാറുമായി വരുന്നതിനാൽ മോട്ടോർസൈക്കിളിൻ്റെ എർഗണോമിക്‌സും മികച്ചതായിട്ടുണ്ട്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ഹിമാലയനിൽ അവതരിപ്പിച്ച റൗണ്ട് ടിഎഫ്ടി ഡിസ്പ്ലേയാണ് പുതുമോഡലിലും ഒരുക്കിയിരിക്കുന്നത്. 648 സിസി എയർ/ഓയിൽ കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ബൈക്കിന്റെ ഹൃദയം.

ഇന്റർസെപ്റ്ററിനെ അപേക്ഷിച്ച് ബിയറിൽ ടോർക്ക് 4.2 Nm കൂടുതലായിരിക്കും. അങ്ങനെ മൊത്തത്തിൽ 47 പവറിൽ പരമാവധി 56.5 Nm torque വരെ ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും പുതിയ 650 സിസി സ്ക്രാംബ്ലർ. സ്റ്റാൻഡേർഡായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ പരിഷ്ക്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്തമായ ശബ്ദവും ഭാരം കുറഞ്ഞതുമായതിനാൽ കൂടുതൽ പെർഫോമൻസും ഉണ്ടാവും.

Related Articles
Next Story