വീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടും

സ്വർണമെന്നത് ഇന്ത്യക്കാർക്ക് വെറും ആഭരണമല്ല. സംസ്കാരവുമായി തന്നെ ബന്ധപ്പെട്ടതും പരമ്പരാഗതമായി ഏറെ വികാരത്തോടെ കാണുന്നതുമായ അമൂല്യ സമ്പത്താണ്. അതുകൊണ്ടു തന്നെ, വില കാര്യമാക്കാതെ ആഘോഷവേളകളിലും ഉത്സവകാലത്തും മറ്റും ഇന്ത്യക്കാർ സ്വർണം വാങ്ങിക്കാറുമുണ്ട്.

ഇപ്പോഴിതാ വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകളും ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള അടുപ്പം എത്രയെന്ന് വ്യക്തമാക്കുകയാണ്.

2023ലെ കണക്കുപ്രകാരം ഇന്ത്യൻ സ്ത്രീകളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് യുഎസ്, ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ തുടങ്ങിയ മുൻനിര രാജ്യങ്ങളുടെ ഔദ്യോഗിക കരുതൽ സ്വർണശേഖരത്തേക്കാൾ ഏറെ കൂടുതലുമാണത്രേ.

8,000 ടൺ മാത്രമാണ് യുഎസിന്റെ കരുതൽ സ്വർണശേഖരം. ഇതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. ലോകത്തെ മൊത്തം സ്വർണാഭരണത്തിന്റെ 11 ശതമാനവും ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജർമനിക്ക് 3,300 ടണ്ണും ഇറ്റലിക്ക് 2,450 ടണ്ണും കരുതൽ സ്വർണശേഖരമേയുള്ളൂ. ഫ്രാൻസിന് 2,400 ടൺ. റഷ്യയ്ക്ക് 1,900 ടൺ. ഈ 5 രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യൻ വനിതകളുടെ കൈവശമുള്ളത്ര സ്വർണമാകില്ല.

യുഎസ്, സ്വിറ്റ്സർലൻഡ്, ജർമനി എന്നിവയുടെയും രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) കൈവശമുള്ള സ്വർണം ചേർത്തുവച്ചാലും ഇന്ത്യക്കാരുടെ സ്വർണശേഖരത്തിന്റെ അടുത്തെങ്ങും എത്തില്ല.

ദക്ഷിണേന്ത്യൻ പെരുമയും കേരളത്തിന്റെ തിളക്കവും

ഇന്ത്യയിൽ സ്വർണത്തോട് കൂടുതൽ താൽപര്യം കാട്ടുന്നത് ദക്ഷിണേന്ത്യക്കാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തമിഴ്നാടാണ് ഏറ്റവും മുന്നിൽ. ഇന്ത്യയിലെ മൊത്തം സ്വർണത്തിൽ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്.

അതിൽ 28 ശതമാനവും തമിഴ്നാട്ടിൽ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 40 ശതമാനം മതിക്കുന്ന സ്വർണസമ്പത്താണ് കുടുംബങ്ങളുടെ കൈവശമുള്ളത്.

രാജ്യത്ത് സ്വർണത്തിന്റെ പ്രതിശീർഷ ഉപഭോഗം ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് അടുത്തിടെ വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപന കേരളത്തിൽ നടക്കുന്നുണ്ട്. വാർഷിക വിൽപന ഒരുലക്ഷം കോടിയിലേറെ രൂപയും.

വിവാഹിതയായ സ്ത്രീയ്ക്ക് പരമാവധി 500 ഗ്രാം സ്വർണം (62.5 പവൻ) കൈവശം വയ്ക്കാനേ ഇന്ത്യയിലെ ആദായനികുതി നിയമം അനുവദിക്കുന്നുള്ളൂ. അവിവാഹിതയെങ്കിൽ പരമാവധി 250 ഗ്രാം (31.25 പവൻ) മാത്രം.

അതേസമയം, പുരുഷന് വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പരമാവധി കൈവശം വയ്ക്കാവുന്നത് 100 ഗ്രാം (12.5 പവൻ) മാത്രം. രേഖകളില്ലാതെ കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവാണിത്.

ഇതിൽ കൂടുതൽ സ്വർണമുണ്ടെങ്കിൽ ഉറവിടം വ്യക്തമാക്കുന്ന രേഖയും സൂക്ഷിക്കണം. ഉദാഹരണത്തിന് സ്വർണം വാങ്ങിയ ബിൽ. അല്ലെങ്കിൽ പാരമ്പര്യ സ്വത്തായി ലഭിച്ചതിന്റെ രേഖകൾ.

Related Articles
Next Story