എണാകുളത്ത് വീടുകളിലെ മോഷണശ്രമം: ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ആളുകള്‍ ഭീതിയിലായിരിക്കെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്

കൊച്ചി:വടക്കൻ പറവൂരിലെ മോഷണശ്രമം നടത്തിയത് കുറുവ സംഘമാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അന്വേഷണത്തിനായി മുനമ്പം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും റൂറൽ എസ് പി പറഞ്ഞു.

അതേസമയം കൊച്ചി നഗരത്തിൽ കൂടുതൽ പൊലീസ് വിന്യാസം ഉറപ്പാക്കി ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനലിലും അടക്കം പെടോളിംഗ് വ്യാപിപ്പിച്ചതായി ഡിസിപി കെ എസ് സുദർശൻ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണം ശക്തമാക്കിയെന്നും കൊച്ചി പൊലീസ് അറിയിച്ചു.

എറണാകുളം വടക്കൻ പറവൂരിലെ തൂയിത്തുറയിൽ പാലത്തിന് സമീപമുള്ള വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം ഉണ്ടായത്. ആറ് വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. എന്നാൽ വീടുകളിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം ആരംഭിച്ചിരുന്നു.

വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ, ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ആളുകള്‍ ഭീതിയിലായിരിക്കെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

Related Articles
Next Story