'വളയിൽ തൊടുന്ന പോലെ കയ്യിൽ തൊട്ടു; കഴുത്തിൽ തലോടി'; രഞ്ജിത്തിനെതിരെ നടി

കഴുത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ഇറങ്ങിയോടി; മമ്മൂട്ടി സിനിമയുടെ സംവിധായകനില്‍ ദുരനുഭവം

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ബം​ഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു.

അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.

Related Articles
Next Story