മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചു; തമിഴ്‌നാട്ടിൽ അമ്മയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്തു

തമിഴ്‌നാട്ടിലെ ധർമരപുരിയിലാണ് സംഭവം

ചെന്നൈ: മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വനിതയോട് കൊടുംക്രൂരത. ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് യുവാവിന്റെ അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ ധർമരപുരിയിലാണ് സംഭവം.

ഓഗസ്റ്റ് 14നാണ് നടുക്കുന്ന സംഭവം നടന്നത്. ധർമപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലെ 24കാരനായ ദളിത് യുവാവിനൊപ്പമാണ് 23കാരിയായ യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. സഹപാഠികളായ ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. യുവതി ഒളിച്ചോടിയെന്ന് മനസിലാക്കിയ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.

പിന്നാലെ യുവതിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതിന് ശേഷം ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തി. ഇയാളെ വിളിക്കാൻ അമ്മയോട് ആവശ്യപ്പെട്ടു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് 50കാരിയെ വീട്ടുകാരുടെ മുന്നിൽവച്ച് വിവസ്ത്രയാക്കിയതിനുശേഷം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ശേഷം കാട്ടിലെത്തിക്കുകയും ബലമായി മദ്യം കുടിപ്പിച്ചതിനുശേഷം പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.

Related Articles
Next Story