കൊല്‍ക്കത്ത ബലാത്സംഗ കൊല: ഡോക്ടര്‍മാരുടെ സമരം കേരളത്തിലും ശക്തം

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ പി ബഹിഷ്‌കരിച്ചാണ് സമരമെന്ന് ഐ എം എ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭത്തില്‍ പ്രതിഷേധിച്ച് ഐ എം എയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. കേരളത്തിലും സമരം ശക്തമാണ്. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ പി ബഹിഷ്‌കരിച്ചാണ് സമരമെന്ന് ഐ എം എ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഡെന്റല്‍ കോളജ് ആശുപത്രികളിലും ഇന്ന് ഒ പി സേവനം ഇല്ല.

അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെ ജി എം സി ടി എയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. സമരത്തോട് കെ ജി എം ഒ എയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മാറ്റിവച്ചു.

Admin
Admin  
Related Articles
Next Story