എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണം -ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും തമ്മിലുള്ള കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണമെന്നും കൺവീനർ വ്യക്തമാക്കി.
നിലവിലെ അന്വേഷണ പരിധിയിൽ ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയും ഉൾപ്പെടും. കുറ്റകരമെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കും. എ.ഡി.ജി.പിയെ മാറ്റണമെന്ന് എൽ.ഡി.എഫിൽ സി.പി.ഐ ആവശ്യപ്പെട്ടില്ല.
പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. എന്നാൽ, പരിശോധിച്ച ശേഷമെ നടപടിയെടുക്കൂവെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയത് നടപടിയുടെ ഭാഗമായല്ല. പാർട്ടിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണിതെന്നും കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു.
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണ്. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെയാണ് ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടന്നത്.
ആർ.എസ്.എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം.
ദത്താത്രേയ ഹൊസബലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എ.ഡി.ജി.പി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചിരുന്നു.