നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്ര മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles
Next Story